കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഗോളടിപ്പിക്കുന്ന അഡ്രിയാൻ ലൂണയുടെ പ്ലേമേക്കിങ് മാസ്റ്റർക്ലാസ് | Kerala Blasters

ഡ്യുറണ്ട് കപ്പിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രൂപ്പ് മത്സരങ്ങൾ അവസാനിക്കുമ്പോൾ, ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിൽ ആകെ 16 ഗോളുകൾ ആണ് മഞ്ഞപ്പട സ്കോർ ചെയ്തിരിക്കുന്നത്. ഇക്കൂട്ടത്തിൽ 6 ഗോളുകൾ നോഹ സദോയിയും 4 ഗോളുകൾ ക്വാമി പേപ്രയും സ്കോർ ചെയ്തപ്പോൾ, ഇഷാൻ പണ്ഡിത, മുഹമ്മദ്‌ ഐമൻ എന്നിവർ രണ്ട് വീതം ഗോളുകളും സ്കോർ ചെയ്തു.

മുഹമ്മദ്‌ അസ്ഹർ, നവോച്ച സിംഗ് എന്നിവർ ഓരോ ഗോൾ വീതവും കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി നേടി ഗോൾ സ്കോറർമാരുടെ പട്ടികയിൽ ഇടം നേടിയപ്പോൾ, ക്യാപ്റ്റൻ അഡ്രിയാൻ ലൂണക്ക് ഇതുവരെ എതിർ വല കുലുക്കാൻ സാധിച്ചിട്ടില്ല. അതേസമയം, കേരള ബ്ലാസ്റ്റേഴ്സിന്റെ മൊത്തത്തിലുള്ള പ്രകടനത്തിന് ഇപ്പോഴും ചുക്കാൻ പിടിക്കുന്നത് ഈ ഉറുഗ്വായൻ പ്ലേമേക്കർ ആണെന്ന് കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലെ അദ്ദേഹത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. സിഐഎസ്എഫ് പ്രൊട്ടക്ടേഴ്സിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് ഏഴ് ഗോളുകൾ ആണ് അടിച്ചുകൂട്ടിയത്.

ഗോൾ സ്കോറർമാരുടെ പട്ടികയിൽ ലൂണക്ക് ഇടം നേടാൻ സാധിച്ചില്ലെങ്കിലും, സിഐഎസ്എഫ് പ്രൊട്ടക്ടേഴ്സിനെതിരെ 8 ഗോൾ അവസരങ്ങൾ ആണ് അഡ്രിയാൻ ലൂണ സൃഷ്ടിച്ചത്. മത്സരത്തിൽ ഏറ്റവും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചതും അഡ്രിയാൻ ലൂണ തന്നെ. ഇതിൽനിന്ന് നമുക്ക് മനസ്സിലാക്കാം കേരള ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ മികച്ച പ്രകടനത്തിന് എത്രമാത്രം ഊർജ്ജം ആണ് അഡ്രിയാൻ ലൂണ നൽകുന്നത് എന്ന്.

അതുകൊണ്ടുതന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ കരോളിസ് സ്കിൻകിസ്, അഡ്രിയാൻ ലൂണയെ ‘പോരാളി’ എന്ന് വിശേഷിപ്പിച്ചത്. മറ്റു ടീമുകളിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിനെ വ്യത്യസ്തമാക്കുന്നത് അഡ്രിയാൻ ലൂണയാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം കെബിഎഫ്സി ടിവി-യിൽ സംസാരിക്കവേ അഭിപ്രായപ്പെട്ടിരുന്നു.