ഐമൻ നേടിയ ഗോളിൽ പഞ്ചാബ് എഫ്സിക്കെതിരെ സമനിലയുമായി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഡ്യൂറൻഡ് കപ്പിലെ രണ്ടാം മത്സരത്തിൽ പഞ്ചാബിനോട് സമനിലയുമായി കേരള ബ്ലാസ്റ്റേഴ്‌സ് . ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് മത്സരത്തിൽ നേടിയത്. ആദ്യ പകുതിയിൽ ലൂക്കാ മസെൻ നേടിയ ഗോളിൽ മുന്നിലെത്തിയ പഞ്ചാബിനെ രണ്ടാം പകുതിയിൽ അയ്മൻ നേടിയ ഗോളിൽ ബ്ലാസ്റ്റേഴ്‌സ് സമനിലയിൽ പിടിച്ചു.

ഇരു ടീമുകളും പതിഞ്ഞ താളത്തോടെയാണ് മത്സരം ആരംഭിച്ചത്. കേരള ബ്ലാസ്റ്റേഴ്‌സ് മധ്യനിരയിൽ കളി മെനയാൻ ശ്രമിച്ചപ്പോൾ പഞ്ചാബ് വിങ്ങുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. മുൻ ബ്ലാസ്റ്റേഴ്‌സ് താരം നിഹാൽ കൊടുത്ത ക്രോസിൽ നിന്നും പഞ്ചാബ് ഒരു ശ്രമം നടത്തിയെങ്കിലും കീപ്പർ പുറത്തേക്ക് വന്ന് അത് സുരക്ഷിതമായി പഞ്ച് ചെയ്തു.

നോഹയിലൂടെ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റങ്ങൾ നടത്തി.പെപ്ര-ലൂണ -നോഹ കൂട്ടുകെട്ട് പഞ്ചാബ് പ്രതിരോധത്തിന് വലിയ ഭീഷണി ഉയർത്തി. 36 ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്‌സ് താരം ഫ്രെഡി 40 വാര അകലെ നിന്ന് എടുത്ത ഷോട്ട് ക്രോസ്ബാറിൽ തട്ടി പോയി.ഒന്നാം പകുതിയുടെ ടൈമിൽ പഞ്ചാബ് ലീഡ് നേടി.നിഖിൽ കൊടുത്ത ഒരു ലോംഗ് ബോൾ ഓഫ്‌സൈഡ് ട്രാപ്പിനെ തോൽപ്പിച്ച് കീപ്പറെ മറികടന്ന് ലളിതമായ ഫിനിഷിലൂടെ ലൂക്കാ മജ്സെൻ ഗോളാക്കി മാറ്റി.

ആദ്യ പകുതിയിൽ എല്ലാ ഡിപ്പാർട്ട്‌മെൻ്റിലും കേരള ബ്ലാസ്റ്റേഴ്‌സ് ആധിപത്യം പുലർത്തിയെങ്കിലും ലൂക്കയുടെ ഗോൾ പഞ്ചാബിന് നിർണായക ലീഡ് നൽകി. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റമാണ് കാണാൻ സാധിച്ചത്.56 ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്‌സ് സമനില ഗോൾ നേടി.ലൂണയും പെപ്രയും ചേർന്നുള്ള മുന്നേറ്റത്തിനൊടുവിൽ അയ്മൻ ഗോൾ നേടി . ഗോൾ വീണതിന് ശേഷം പഞ്ചാബിന് ലീഡ് ഉയർത്താൻ രണ്ടു അവസരങ്ങൾ ലഭിച്ചെങ്കിലും മുതലാക്കാൻ സാധിച്ചില്ല.