കേരള ബ്ലാസ്റ്റേഴ്സിന് ഡ്യൂറൻഡ് കപ്പിൽ ഇന്ന് രണ്ടാം മത്സരം ,എതിരാളികൾ കരുത്തരായ പഞ്ചാബ് | Kerala Blasters

ഡ്യുറണ്ട് കപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിലെ ആവേശകരമായ വിജയത്തിന് പിന്നാലെ രണ്ടാമത്തെ മത്സരത്തിന് തയ്യാറെടുക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. മുംബൈ സിറ്റിക്കെതിരെ നേടിയ 8-0 ത്തിന്റെ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ കേരള ബ്ലാസ്റ്റേഴ്സ് രണ്ടാമത്തെ മത്സരത്തിന് ഇറങ്ങുമ്പോൾ എതിരാളികളായി എത്തുന്നത് പഞ്ചാബ് എഫ് സി ആണ്. ഇന്ന് വൈകിട്ട് നാല് മണിക്ക് കൊൽക്കത്തയിലെ കിഷോർ ഭാരതി ക്രിരംഗനിലാണ് മത്സരം നടക്കുന്നത്.

ഗ്രൂപ്പ് ഘട്ടത്തിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ശക്തരായ എതിരാളികളാണ് പഞ്ചാബ് എഫ്സി. കഴിഞ്ഞ സീസണിൽ ഐഎസ്എൽ പ്രമോഷൻ നേടിയ പഞ്ചാബ് എഫ് സി, വരും സീസണിലേക്ക് ഒരുപിടി മികച്ച സൈനിങ്ങുകൾ നടത്തി സ്ക്വാഡ് വിപുലമാക്കുന്നതിൽ സജീവമാണ്. ഇക്കൂട്ടത്തിൽ മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം നിഹാൽ സുധീഷും ഉൾപ്പെടുന്നു. ലോൺ അടിസ്ഥാനത്തിലാണ് പഞ്ചാബ് എഫ്സി മലയാളി താരത്തിന്റെ സേവനം ഉറപ്പാക്കിയിരിക്കുന്നത്.

ഇത്തവണയും പഞ്ചാബ് എഫ്സിയുടെ നായകൻ സ്ലോവേനിയൻ ഇന്റർനാഷണൽ ലൂക്കാ മാജൻ തന്നെയാണ്. ഇന്ത്യൻ താരങ്ങളായ ഗോൾകീപ്പർ രവി കുമാർ, മിഡ്‌ഫീൽഡർ ആഷിഷ് പ്രദാൻ, ഡിഫൻഡർ സുരേഷ് മീതെയ് തുടങ്ങിയ പ്രതിപാദനരെ നിലനിർത്തിയ പഞ്ചാബ് എഫ് സി, ഇന്ത്യൻ ഇന്റർനാഷണൽ വിനീത് റായിയേ മുംബൈ സിറ്റിയിൽ നിന്ന് സ്വന്തമാക്കി. കൂടാതെ, ഒഡീഷയിൽ നിന്ന് മിഡ്ഫീൽഡർ പ്രിൻസ്റ്റൻ റിബല്ലോ, ചെന്നൈയിൽ നിന്ന് യുവ ഫോർവേഡ് നിൻതോയ് മീതെയ് തുടങ്ങിയവരെ പഞ്ചാബ് പുതിയതായി സൈൻ ചെയ്തു.

ഇവർ എല്ലാവരും തന്നെ പഞ്ചാബിന്റെ ഡ്യുറണ്ട് കപ്പ് സ്‌ക്വാഡിൽ ഭാഗമാണ്. 31-കാരനായ ക്രൊയേഷ്യൻ മിഡ്ഫീൽഡർ ഫിലിപ്പ് മൃസ്ൽജാക് ആണ് പഞ്ചാബിന്റെ ഏറ്റവും പുതിയ സെൻസേഷണൽ വിദേശ സൈനിങ്. തങ്ങളുടെ ആദ്യ ഡ്യുറണ്ട് കപ്പ് മത്സരത്തിൽ സിഐഎസ്എഫ് പ്രൊട്ടക്ടർസിനെതിരെ 3-0 ത്തിന്റെ വിജയം നേടിയ പഞ്ചാബ് എഫ്സി കേരള ബ്ലാസ്റ്റേഴ്സിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.