പ്രീ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി മിന്നുന്ന പ്രകടനം നടത്തിയ മലയാളി താരം മുഹമ്മദ് സഹീഫ് | Kerala Blasters

കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ തായ്‌ലൻഡിൽ അവരുടെ മൂന്ന് പ്രീ സീസൺ സൗഹൃദ മത്സരങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. പ്രീ സീസണിലെ ആദ്യ മത്സരത്തിൽ പട്ടായ യുണൈറ്റഡ്നോട് പരാജയം വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ്, പിന്നീട് നടന്ന മത്സരങ്ങളിൽ സമൂത് പ്രകാൻ എഫ്സിയേയും രച്ചബൂരി എഫ്സിയേയും യഥാക്രമം 3-1, 4-1 എന്നീ ഗോൾ നിലക്ക് പരാജയപ്പെടുത്തി.

ബ്ലാസ്റ്റേഴ്സ് വിജയിച്ച രണ്ടു മത്സരങ്ങളിലും, ഗോൾ നേട്ടക്കാരുടെ പട്ടികയിൽ ഇടം പിടിച്ച മലയാളി താരമാണ് മുഹമ്മദ് സഹീഫ്. കേരള ബ്ലാസ്റ്റേഴ്സിന്റെ 12-ാം നമ്പർ ജേഴ്സി അണിയുന്ന ഈ ഡിഫൻഡർ, മലപ്പുറം തിരൂർ സ്വദേശിയാണ്. ലെഫ്റ്റ് ബാക്ക്, സെന്റർ ബാക്ക് പൊസിഷനുകളിൽ കളിക്കാൻ കഴിവുള്ള മുഹമ്മദ്‌ സഹീഫ്, കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി പ്രീ സീസണിൽ രണ്ട് ഗോളുകൾ സ്കോർ ചെയ്തിരിക്കുന്നു. ഇപ്പോൾ, തന്റെ പ്രീ സീസണിലെ പ്രകടനത്തെ കുറിച്ചും ടീമിന്റെ ആകെമൊത്തമുള്ള പ്രതീക്ഷകളെ കുറിച്ചും മുഹമ്മദ്‌ സഹീഫ് സംസാരിച്ചിരിക്കുകയാണ്.

“ഭയങ്കര സന്തോഷം തോന്നുന്നുണ്ട്. കളിച്ച ആദ്യ മത്സരത്തിലും ഗോൾ നേടാൻ സാധിച്ചു തുടർന്ന് രണ്ടാമത്തെ മത്സരത്തിലും ഗോൾ നേടാൻ സാധിച്ചു. ഇതിൽ ടീമിന്റെ പ്രയത്നവും തന്റെ പ്രയത്നവും കൂടിച്ചേരുന്നു. ഭാവി മത്സരങ്ങളിലും ഗോൾ നേടണം എന്നും, ടീം വിജയിക്കണം എന്നുമാണ് ആഗ്രഹം,” പ്രീ സീസണിൽ രണ്ട് ഗോളുകൾ സ്കോർ ചെയ്തതിനെ കുറിച്ച് താരം പറഞ്ഞു. ആദ്യം ലെഫ്റ്റ് ബാക്ക് ആയിരുന്നു സഹീഫ് കളിച്ചിരുന്നത്, പിന്നീട് അദ്ദേഹത്തെ സെന്റർ പൊസിഷനിലേക്ക് പരിശീലകൻ മാറ്റുകയായിരുന്നു.

ഈ അവസരം മുതലെടുത്ത് താരം ഗോൾ നേടുകയും ചെയ്തു. ടീമിന്റെ പ്രയത്നത്തിൽ ശുഭപ്രതീക്ഷ പങ്കുവെച്ച 21-കാരനായ താരം കേരള ബ്ലാസ്റ്റേഴ്സിന് തീർച്ചയായും വരും സീസണിൽ മുതൽക്കൂട്ടാകും എന്ന കാര്യം ഉറപ്പാണ്. കേരള ബ്ലാസ്റ്റേഴ്സ് ബി ടീമിലൂടെ കരിയർ ആരംഭിച്ച മുഹമ്മദ്‌ സഹീഫ്, 2023-ൽ സീനിയർ ടീമിലേക്ക് പ്രമോഷൻ നേടിയെങ്കിലും, കഴിഞ്ഞ സീസണിൽ ഗോകുലം കേരളത്തിന് വേണ്ടി ലോൺ അടിസ്ഥാനത്തിൽ കളിക്കുകയായിരുന്നു. 21 മത്സരങ്ങളാണ് കഴിഞ്ഞ സീസണിൽ താരം കളിച്ചത്.