‘മത്സരത്തിന്റെ ഒരു മണിക്കൂർ മുൻപ് വരെ അതാരോടും പറഞ്ഞില്ല’- ലോകകപ്പ് ഫൈനലിലെ തന്ത്രം വെളിപ്പെടുത്തി ലയണൽ സ്കലോണി
കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ അർജന്റീന മൂന്നു കിരീടങ്ങൾ നേടിയപ്പോൾ അതിനു പിന്നിലെ ചാണക്യൻ പരിശീലകനായ ലയണൽ സ്കലോണി ആയിരുന്നു. 2018 ലോകകപ്പിൽ നേരത്തെ തന്നെ പുറത്തായ അർജന്റീന ടീമിനെ ഏറ്റെടുത്ത അദ്ദേഹം നിരവധി താരങ്ങളെ മാറിമാറി പരീക്ഷിച്ച് ലയണൽ മെസിയെ കേന്ദ്രമാക്കി ഒരു ടീമിനെ ഒരുക്കിയാണ് ഈ നേട്ടങ്ങളിലേക്കെല്ലാം ടീമിനെ നയിച്ചത്.
ലോകകപ്പിൽ അർജന്റീനയുടെ തുടക്കം പരാജയത്തോടെ ആയിരുന്നെങ്കിലും അതിനു ശേഷമുള്ള ഓരോ മത്സരങ്ങളിലും ടീം വിജയം നേടിയതിനു പിന്നിൽ സ്കലോണിയുടെ തന്ത്രങ്ങൾ ഉണ്ടായിരുന്നു. അതിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് ഫൈനലിൽ ഫ്രാൻസിനെതിരെ ഏഞ്ചൽ ഡി മരിയയുടെ പൊസിഷൻ മാറ്റി ലെഫ്റ്റ് വിങ്ങിൽ ഇറക്കിയതാണ്. കഴിഞ്ഞ ദിവസം അതേക്കുറിച്ച് ലയണൽ സ്കലോണി സംസാരിക്കുകയുണ്ടായി.
“ഡി മരിയ ഇടതുവശത്താണ് കളിക്കാൻ പോകുന്നതെന്ന് ഫ്രാൻസ് മൊറോക്കോയെ സെമിയിൽ തോൽപ്പിച്ചതു മുതൽ ഞങ്ങൾക്ക് വ്യക്തമായിരുന്നു. എന്നാൽ ഗെയിമിന് ഒരു മണിക്കൂർ മുമ്പ് വരെ ഞങ്ങൾ അതാരോടും പറഞ്ഞിരുന്നില്ല, അത് ഒരു പരിധിവരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു, കാരണം ഞങ്ങൾ ആർക്കും അനുകൂല്യം നൽകിയില്ല.”
“ഇപ്പോൾ എല്ലാവർക്കും അതേപ്പറ്റി അറിയാം, അന്ന് പക്ഷെ അത് പ്രതികൂലമായി വരുമായിരുന്നു. ഞങ്ങൾക്കു വേണ്ടിയിരുന്നത് ഡെംബെലെയ്ക്കൊപ്പം പ്രതിരോധിക്കാൻ ഏഞ്ചലിന് ഇറങ്ങേണ്ടി വരാതിരിക്കുക എന്നതാണ്. ഒന്നാമതായി, അത് താരത്തിന്റെ ജോലിയല്ല. രണ്ടാമതായി, കൂണ്ടെയെ ആക്രമിച്ചു കളിക്കാൻ താരം ഫ്രഷ് ആയി തുടരണം.” സ്കലോണി കഴിഞ്ഞ ദിവസം പറഞ്ഞു.
Lionel Scaloni on the reason why he put Di María on the left wing against France:
— All About Argentina 🛎🇦🇷 (@AlbicelesteTalk) May 18, 2023
“We were clear since France passed Morocco that Di María was going to play on the left. But we did not tell them until an hour before the game and I think that was somewhat the key because we… pic.twitter.com/b1HOcRYzdo
പരിക്കിന്റെ പ്രശ്നങ്ങൾ ഉണ്ടായിരുന്ന ഡി മരിയക്ക് വേണ്ടത്ര വിശ്രമം നൽകിയാണ് അർജന്റീന ഫൈനലിൽ ആദ്യ ഇലവനിൽ ഇറക്കിയത്. തന്നെ ഏൽപ്പിച്ച ജോലി കൃത്യമായി നിർവഹിച്ച താരം കളിക്കളത്തിൽ ഉണ്ടായിരുന്ന സമയത്ത് ഫ്രാൻസിന് യാതൊരു പഴുതും ഉണ്ടായിരുന്നില്ല. അതേസമയം ഡി മരിയയെ പിൻവലിച്ചതിനു ശേഷം ഫ്രാൻസ് മത്സരത്തിലേക്ക് തിരിച്ചുവരികയുണ്ടായി.