ഇത്തിഹാദിൽ ആഴ്സനലിന്റെ സ്വപ്നങ്ങൾ തകർത്ത് സിറ്റി : ലിവർപൂളിന് ജയം : തുടർച്ചയായ അഞ്ചാം പരാജയവുമായി ചെൽസി :ബാഴ്സലോണക്ക് തോൽവി : ഇന്റർ മിലാന് ജയം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന വളരെ നിർണായകമായ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി ആഴ്സണലിനെ പരാജയപ്പെടുത്തിയത്. ഇതോടുകൂടി ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം മാഞ്ചസ്റ്റർ സിറ്റി നേടാനുള്ള സാധ്യത വർദ്ധിച്ചു. ഒരു ഗോളും രണ്ട് അസിസ്റ്റും നേടി കൊണ്ട് ഏർലിംഗ് ഹാലന്റ് മത്സരത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തു.
കെവിൻ ഡി ബ്രൂയിന രണ്ട് ഗോളുകളും ഒരു അസിസ്റ്റും മത്സരത്തിൽ സ്വന്തമാക്കിയിട്ടുണ്ട്.ജോൺ സ്റ്റോനസാണ് ശേഷിച്ച ഗോൾ സ്വന്തമാക്കിയിട്ടുള്ളത്. ഹോൾഡിങായിരുന്നു ആഴ്സണലിന്റെ ഏക ഗോൾ നേടിയത്. 33 മത്സരങ്ങളിൽ നിന്ന് 75 പോയിന്റ് നേടിക്കൊണ്ട് ആർസണൽ തന്നെയാണ് ഒന്നാമത്.31 മത്സരങ്ങളിൽ നിന്ന് 73 പോയിന്റുള്ള സിറ്റി രണ്ടാം സ്ഥാനത്താണ്.
പ്രീമിയർ ലീഗിൽ നടന്ന മറ്റൊരു മത്സരത്തിൽ ബ്രന്റ്ഫോർഡ് ചെൽസിയെ പരാജയപെടുത്തി.തുടർച്ചയായ അഞ്ചാം മത്സരത്തിലാണ് ചെൽസി ഇപ്പോൾ തോൽവി അറിയുന്നത്. ഈ 5 മത്സരത്തിലും ഫ്രാങ്ക് ലംപാർഡ് തന്നെയായിരുന്നു ചെൽസിയെ പരിശീലിപ്പിച്ചത്.ബ്ലൂസിന്റെ ക്യാപ്റ്റൻ സെസാർ അസ്പിലിക്യൂറ്റയുടെ സെൽഫ് ഗോളും ബ്രയാൻ എംബ്യൂമോയുടെ രണ്ടാം പകുതിയിലെ ഗോളിലുമാണ് ബ്രന്റ്ഫോർഡ് വിജയം നേടിയെടുത്തത്.ഈ തോൽവി പ്രീമിയർ ലീഗ് ടേബിളിൽ ചെൽസിയെ 11-ആം സ്ഥാനത്തെത്തിച്ചു, 1993-94 സീസണിന് ശേഷമുള്ള അവരുടെ ഏറ്റവും മോശം കാമ്പെയ്നിലേക്ക് ഇടറിവീണു.
മറ്റൊരു മത്സരത്തിൽ ലിവർപോൾ വെസ്റ്റ് ഹാം യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി. വിജയത്തോടെ ടോട്ടൻഹാം ഹോട്സ്പറിനെ മറികടന്ന് ആറാം സ്ഥാനത്ത് എത്താനും ലിവർപൂളിന് സാധിച്ച.12-ാം മിനിറ്റിൽ ലൂക്കാസ് പാക്വെറ്റയുടെ ഗോളിൽ വെസ്റ്റ് ഹാം ലിവർപൂളിന് ഞെട്ടിച്ചു. എന്നാൽ ആറു മിനുട്ടിനു ശേഷം ഡച്ച് സ്ട്രൈക്കർ കോഡി ഗാക്പോ ലിവർപൂളിനെ ഒപ്പമെത്തിച്ചു. 67 ആം മിനുട്ടിൽ ആൻഡി റോബർട്ട്സന്റെ കോർണറിൽ നിന്ന് ക്ലോസ്-റേഞ്ച് ഹെഡ്ഡറിൽ മാറ്റിപ് ലിവർപൂളിന്റെ വിജയ ഗോൾ നേടി.
ലാലിഗയിലെ ഒന്നാം സ്ഥാനക്കാരായ ബാഴ്സക്ക് തോൽവി.റയോ വല്ലക്കാനോയാണ് ബാഴ്സയെ പരാജയപ്പെടുത്തിയിട്ടുള്ളത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു റയോയുടെ വിജയം.ആൽവരോ ഗാർഷ്യ,ഫ്രാൻസിസ്കോ ഗാർഷ്യ എന്നിവർ റയോക്ക് വേണ്ടി ഗോളുകൾ നേടിയപ്പോൾ ലെവന്റോസ്ക്കിയാണ് ബാഴ്സയുടെ ഗോൾ നേടിയത്.ഏഴ് മത്സരങ്ങൾ ബാക്കിനിൽക്കെ, 76 പോയിന്റുമായി ബാഴ്സ ലീഗിൽ ഒന്നാമതാണ്, രണ്ടാം സ്ഥാനക്കാരായ റയൽ മാഡ്രിഡിനേക്കാൾ 11 മുന്നിലാണ്.43 പോയിന്റുമായി റയോ വല്ലെക്കാനോ ഒമ്പതാം സ്ഥാനത്താണ്.
മിഡ്ഫീൽഡർ ഫെഡറിക്കോ ഡിമാർക്കോയുടെ ആദ്യ പകുതിയിലെ ഗോളിൽ യുവന്റസിനെ പരാജയപ്പെടുത്തി തുടർച്ചയായ രണ്ടാം വർഷവും കോപ്പ ഇറ്റാലിയ ഫൈനലിൽ ഇടം നേടിയിരിക്കുകയാണ് ഇന്റർ മിലാൻ.ആദ്യ പാദത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു.മെയ് 24 ന് സ്റ്റേഡിയോ ഒളിമ്പിക്കോയിൽ നടക്കുന്ന ഫൈനലിൽ ഇന്റർ ഫിയോറന്റീനയെയോ ക്രെമോനീസിനെയോ നേരിടും, ക്രെമോണയിലെ അവരുടെ സെമിഫൈനൽ ആദ്യ പാദത്തിന് ശേഷം ഫിയോറന്റീന 2-0 ന് മുന്നിലാണ്. വ്യാഴാഴ്ച അവർ രണ്ടാം പാദം കളിക്കും.