കേരള ബ്ലാസ്റ്റേഴ്സ് യുവ താരങ്ങൾക്ക് എല്ലായിപ്പോഴും പരിഗണന നൽകുന്ന ടീമാണ്, പ്രത്യേകിച്ച് യുവ ഗോൾകീപ്പർമാർക്ക്. ഇതിന്റെ ഉദാഹരണങ്ങളാണ് മുൻകാല താരങ്ങളായ ധീരജ് സിംഗ്, പ്രഭ്ഷുകൻ സിംഗ്, ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം നമ്പർ ഗോൾകീപ്പർ ആയ സച്ചിൻ സുരേഷ് തുടങ്ങിയ താരങ്ങൾ. ഇക്കൂട്ടത്തിലേക്ക് ഇപ്പോൾ പുതിയ ഒരു കൂട്ടിച്ചേർക്കൽ കൂടി കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിരിക്കുകയാണ്.
സോം കുമാർ, ഡ്യുറണ്ട് കപ്പിലൂടെ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി അരങ്ങേറ്റം കുറിച്ചിരിക്കുന്നു. ഇത് അദ്ദേഹത്തിന്റെ സീനിയർ കരിയറിലെ ആദ്യ മത്സരം കൂടിയാണ്. ബാംഗ്ലൂർ സ്വദേശിയായ ഈ 19-കാരനെ സ്ലോവെനിയൻ ക്ലബ്ബ് ആയ ഒളിമ്പിയ ലുബിയാനയുടെ യൂത്ത് അക്കാദമിയിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്യുന്നത്. നേരത്തെ ഇന്ത്യ അണ്ടർ 17 ടീമിന്റെയും, നിലവിൽ ഇന്ത്യ അണ്ടർ 20 ടീമിന്റെയും ഭാഗമായ സോം കുമാറിനെ 2028 വരെ നീണ്ടുനിൽക്കുന്ന നാലുവർഷത്തെ കോൺട്രാക്ടിലാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരിക്കുന്നത്.
ബ്ലാസ്റ്റേഴ്സ് പരിശീലകൻ മൈക്കിൾ സ്റ്റാറെക്ക് കീഴിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സൈനിംഗ് കൂടിയായിരുന്നു ഇത്. ടീം മാനേജ്മെന്റും ആരാധകരും താരത്തിൽ അർപ്പിച്ച പ്രതീക്ഷ ആദ്യ മത്സരത്തിൽ തന്നെ ക്ലീൻ ഷീറ്റ് പ്രകടനത്തോടെ അദ്ദേഹം കാത്തുസൂക്ഷിച്ചു. തന്റെ ഈ ചെറിയ പ്രായത്തിന് ഇടയിൽ വിവിധ യൂറോപ്യൻ ക്ലബ്ബുകളുടെ യൂത്ത് അക്കാദമിയിൽ കളിച്ച അനുഭവസമ്പത്ത് സോം കുമാറിന് ഉണ്ട്.
ബൊക്കാ ജൂനിയേഴ്സ് അക്കാദമി, എൻകെ ബ്രാവോ, എൻകെ കെആർകെഎ തുടങ്ങിയ യൂത്ത് അക്കാദമികളിൽ സോം കുമാർ കളി പഠിച്ചു. കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ നിലവിൽ മൂന്ന് പ്രധാന ഗോൾകീപ്പർമാർ ആണ് ഉള്ളത്. മലയാളി ഗോൾകീപ്പർ സച്ചിൻ സുരേഷ്, ഗോവൻ ഗോൾകീപ്പർ നോറ ഫെർണാണ്ടസ് എന്നിവർക്കൊപ്പം ഭാവി പ്രതീക്ഷകൾ നൽകിക്കൊണ്ട് സോം കുമാർ കേരള ബ്ലാസ്റ്റേഴ്സിൽ പുതിയ അധ്യായം തുറക്കുന്നു.