ഗുർപ്രീത് സിംഗ് സന്ധുവിൽ നിന്നും സോം കുമാർ പഠിക്കേണ്ടത് ,മത്സരത്തിന്റെ ഗതി തിരിഞ്ഞത് എഴുപതാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയ ഗോളിലാണ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ബെംഗളൂരു എഫ്സി കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് സതേൺ ഡെർബിയിൽ ബെംഗളൂരു വിജയം നേടിയത്.കണക്കുവീട്ടാന്‍ തട്ടകത്തില്‍ ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് ആശ്വസിക്കാന്‍ പെനല്‍റ്റിയിലൂടെ ലഭിച്ച ഗോള്‍ മാത്രമാണുള്ളത്.

ജയത്തോടെ 16 പോയിന്റോടെ ബംഗളൂരു തലപ്പത്തേക്കുയര്‍ന്നപ്പോള്‍ എട്ട് പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് ആറാം സ്ഥാനത്താണ്.ബംഗളൂരുവിനോട് പരാജയപ്പെട്ട ശേഷം ആരാധകർക്കിടയിൽ മത്സരത്തെക്കുറിച്ച് വലിയ ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇരു ടീമുകളും മൈതാനത്ത് മികച്ച പ്രകടനം നടത്തിയിട്ടും, മുഴുവൻ പോയിന്റുകളും ബംഗളൂരു നേടിയിരിക്കുകയാണ്.മത്സരത്തിന്റെ ഗതി തിരിഞ്ഞത് എഴുപതാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയ ഗോളിലാണ്. നോഗുവേരയെടുത്ത ഫ്രീകിക്ക് ഗോൾകീപ്പർ സോമിന്റെ കയ്യിൽ നിന്നും വഴുതിയതാണ് എഡ്‌ഗറിന് ഗോളിലേക്ക് അവസരമൊരുക്കിയത്.

താരത്തിന് പിന്തുണ നൽകിയ സ്റ്റാറെ, ഏകാഗ്രത നഷ്ടപ്പെട്ട സമയത്താണ് ആ ഗോൾ വഴങ്ങിയതെന്നും അടുത്ത തവണ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും വിശ്വസിക്കുന്നതായി പറഞ്ഞു. എന്നാൽ മറുവശത്ത് ബെംഗളുരുവിനായി ഗുർപ്രീത് സിംഗ് സന്ധു മിന്നുന്ന പ്രകടനം പുറത്തെടുത്തു.പെനാൽറ്റി സ്പോട്ടിൽ നിന്ന് അദ്ദേഹത്തിന് സീസണിലെ ആദ്യ ഗോൾ വഴങ്ങേണ്ടി വന്നെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങളെ താരം ഫലപ്രദമായി തടഞ്ഞു.കേരള ബ്ലാസ്റ്റേഴ്സ് തൊടുത്തുവിട്ട ഷോട്ടുകളിൽ അഞ്ച് എണ്ണവും ഗുർപ്രീത് സിംഗ് സന്ധു സേവ് ചെയ്തു.

അഞ്ച് സേവുകളുമായി ആയി ബംഗളൂരു ഗോൾകീപ്പർ മികവ് പുലർത്തിയപ്പോൾ, എതിർപക്ഷത്ത് കേരള ബ്ലാസ്റ്റേഴ്സിന്റെ പോരായ്മയായി മാറിയത് ഗോൾകീപ്പർ ആയിരുന്നു. യുവ ഗോൾകീപ്പർ ആയ സോം കുമാറിന്റെ രണ്ടാമത്തെ മാത്രം ഐഎസ്എൽ മത്സരമാണ് ബംഗളൂരുവിനെതിരെ നടന്നത്. പരിചയക്കുറവ്, കൊച്ചിയിലെ ആരാധക പിന്തുണ മൂലം ഉണ്ടായ സമ്മർദ്ദം എന്നിവ എല്ലാം ഈ യുവ ഗോൾകീപ്പറുടെ പ്രകടനത്തെ ബാധിച്ചതായി ആണ് കാണാൻ സാധിച്ചത്. ഇതിന്റെ ഫലമായി ബംഗളൂരു എടുത്ത 3 ഓൺ ടാർഗറ്റ് ഷോട്ടുകളും ഗോൾ ആയി മാറുകയും ചെയ്തു. മൊഹമ്മദന്സിനെതിരെ മിന്നുന്ന സേവ് നടത്തിയ സോം കുമാർ ബ്ലാസ്‌റ്റേഴ്‌സിനെ വിജയത്തിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു.

Comments (0)
Add Comment