കൊൽക്കത്ത വമ്പന്മാരായ ഈസ്റ്റ് ബംഗാളിനെതിരെ അവസാന മിനുട്ടിൽ ഘാന താരം ക്വാമി പെപ്ര തൊടുത്ത ഗോളിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ആദ്യജയം സ്വന്തമാക്കിയത്. കൊച്ചിയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് ബ്ലാസ്റ്റേഴ്സ് നേടിയത്. നായകനും പ്ലെ മേക്കറുമായ അഡ്രിയാൻ ലൂണയില്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയത്.
ഈ ജയത്തോടെ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തേക്ക് കയറാനും കേരള ബ്ലാസ്റ്റേഴ്സിനായി. അടുത്തയാഴ്ച നോർത്തീസ്റ്റ് യുണൈറ്റഡിനെതിരെ അവരുടെ തട്ടകത്തിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം മത്സരം. സീസണിലെ രണ്ട് മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ കളിച്ചിട്ടില്ല എന്നത് ആരാധകർക്ക് വലിയ ആശങ്ക നൽകിയിട്ടുണ്ട്.ഇതിന് പിന്നാലെ അദ്ദേഹത്തിന് പരിക്ക് ഏറ്റതാണോ എന്ന ആശങ്ക ആരാധകർക്കിടയിൽ പ്രചരിച്ചു. എന്നാൽ ലൂണക്ക് പരിക്ക് ഏറ്റിട്ടില്ല എന്നും, അദ്ദേഹത്തിന് പനി ബാധിച്ചിരിക്കുകയാണ് എന്നും പരിശീലകൻ മിഖായേൽ സ്റ്റാഹ്രെ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
IM Vijayan 🗣️ “Adrian Luna had Dengue.” @AsianetNewsML #KBFC pic.twitter.com/6wJnz1UoqX
— KBFC XTRA (@kbfcxtra) September 23, 2024
ഇപ്പോൾ അദ്ദേഹത്തിന്റെ മടങ്ങിവരവുമായി ബന്ധപ്പെട്ട ഒരു അപ്ഡേറ്റ് പരിശീലകൻ പങ്കുവെച്ചിരിക്കുകയാണ്.ഈസ്റ്റ് ബംഗാളിനെതിരെ നടന്ന മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ട പരിശീലകൻ, ലൂണക്ക് രണ്ടാമത്തെ മത്സരം നഷ്ടമാകും എന്ന് മാത്രമാണ് പറഞ്ഞത്. എന്നാൽ മത്സരശേഷം വീണ്ടും മാധ്യമങ്ങളെ കണ്ടപ്പോൾ, ലൂണയുടെ മടങ്ങിവരവ് എന്നാകും എന്ന കാര്യത്തിൽ തനിക്ക് ഉറപ്പു പറയാൻ സാധിക്കില്ല എന്ന തന്റെ മുന്നിലുള്ള അനിശ്ചിതത്വം ആണ് പരിശീലകൻ പങ്കുവെച്ചത്.
“അടുത്ത മത്സരത്തിനുള്ള (നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ) ലൂണയുടെ ലഭ്യതയെ കുറിച്ച് എനിക്ക് ഇപ്പോൾ നിങ്ങളോട് പറയാനാവില്ല.പക്ഷെ ഞങ്ങൾക്ക് അദ്ദേഹത്തെ ഉടൻ കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു, പക്ഷേ അദ്ദേഹം അടുത്ത ആഴ്ച കളിക്കും എന്ന് എനിക്ക് ഇപ്പോൾ ഉറപ്പു നൽകാൻ കഴിയില്ല,” ഈസ്റ്റ് ബംഗാളിന് എതിരായ വിജയത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ വ്യക്തമാക്കി. അഡ്രിയാൻ ലൂണയെ തങ്ങൾ മിസ് ചെയ്യുന്നുണ്ടെന്നും മത്സരശേഷം കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു. ഷൂട്ട് ചെയ്യാനും, സ്കോർ ചെയ്യാനും അസിസ്റ്റ് ചെയ്യാനും മികവുള്ള താരമാണ് ലൂണയെന്ന് അദ്ദേഹം ഓർമിപ്പിച്ചു.