മുൻ മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ സ്റ്റീവൻ ജോവെറ്റിക് കേരള ബ്ലാസ്റ്റേഴ്സിലെത്തുമോ ? | Kerala Blasters

ഒരു വിദേശ സ്ട്രൈക്കർക്ക് വേണ്ടിയുള്ള കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആകാംക്ഷയോടെയുള്ള കാത്തിരിപ്പിന് അർഹിച്ച ഫലം കാണുന്നു എന്നാണ് ഇപ്പോൾ ലഭ്യമാകുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഗോൾ വേട്ടക്കാരൻ ആയ ഡിമിത്രിയോസ് ഡയമന്റകോസ് ഒഴിച്ചിട്ട വിടവ് നികത്താൻ, യൂറോപ്പിൽ നിന്ന് ഒരു പ്രമുഖ സ്ട്രൈക്കറെ ബ്ലാസ്റ്റേഴ്സ് എത്തിക്കും എന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

അതേസമയം, ഫിറ്റ് അല്ലാത്ത കളിക്കാരെ താൻ എടുക്കില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മൈക്കിൾ സ്റ്റാറെ അടുത്തിടെ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിന്റെ എല്ലാം ഫലം എന്നോണം കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്നത് മോന്റിനെഗ്രിൻ ദേശീയ ടീം ക്യാപ്റ്റൻ സ്റ്റീവൻ ജോവെറ്റിക്കിനെയാണ്. കഴിഞ്ഞ സീസണിൽ യുവേഫ കോൺഫറൻസ് ലീഗ് ചാമ്പ്യന്മാരായ ഗ്രീക്ക് ക്ലബ്ബ് ഒളിമ്പ്യാക്കോസിന്റെ താരമായിരുന്ന സ്റ്റീവൻ ജോവെറ്റിക്, ഇപ്പോൾ ഫ്രീ ഏജന്റ് ആണ്.

അദ്ദേഹവുമായി കേരള ബ്ലാസ്റ്റേഴ്സ് ചർച്ച നടത്തി വരികയാണ് എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. തന്റെ കരിയറിൽ രാജ്യത്തിന് വേണ്ടിയും വിവിധ ക്ലബ്ബുകൾക്ക് വേണ്ടിയും ആകെ 122 ഗോളുകളും 58 അസിസ്റ്റുകളും നേടിയിട്ടുള്ള താരമാണ് സ്റ്റീവൻ ജോവെറ്റിക്. ദേശീയ ടീം ക്യാപ്റ്റൻ ആയ സ്റ്റീവൻ ജോവെറ്റിക്, അന്താരാഷ്ട്രതലത്തിൽ 78 മത്സരങ്ങളിൽ നിന്ന് 36 ഗോളുകൾ നേടിയിട്ടുണ്ട്.

2023-2024 സീസണിൽ ഒളിമ്പിയാക്കോസിനു വേണ്ടി 21 മത്സരങ്ങളിൽ നിന്ന് 6 ഗോളുകൾ ആണ് സ്റ്റീവൻ ജോവെറ്റിക് നേടിയിട്ടുള്ളത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി, ഇറ്റാലിയൻ ലീഗിൽ (സീരി എ) ഇന്റർ മിലാൻ ഫിയോറെന്റീന, ഫ്രഞ്ച് ലീഗിൽ (ലീഗ് 1) മോണാക്കോ, ജെർമൻ ലീഗിൽ (ബുണ്ടസ്‌ലിഗ) ഹെർത്ത ബിഎസ്സി തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച പരിചയസമ്പത്തുള്ള താരമാണ് സ്റ്റീവൻ ജോവെറ്റിക്. തീർച്ചയായും ഇദ്ദേഹത്തെ ടീമിൽ എത്തിക്കാൻ സാധിച്ചാൽ അത് കേരള ബ്ലാസ്റ്റേഴ്സിന് ഒരു വലിയ മുതൽക്കൂട്ടാകും, മാത്രമല്ല ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും വലിയ സൈനിങ്ങുകളിൽ ഒന്നായി മാറുകയും ചെയ്യും.

kerala blasters
Comments (0)
Add Comment