തുടർച്ചയായ രണ്ടാം എവേ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുകയാണ്. കലിംഗ സ്റ്റേഡിയത്തിൽ ഒഡീഷ എഫ്സിയെയാണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്.ഈ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ ഓരോ വിജയവും തോൽവിയും സമനിലയും നേടി പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്.
അവസാനമത്സരത്തിൽ ഗുവാഹത്തിയിൽ നോർത്ത്ഈസ്റ്റ് യുണൈറ്റഡിന് മുന്നിൽ സമനിലയിൽ കുരുങ്ങിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നത്. മൊറോക്കൻ താരം നോഹ സദൗയിയുടെ മിന്നുന്ന ഫോമിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകൾ മുഴുവൻ. ടുറാൻഡ് കപ്പിലെ ടോപ്സ്കോറർ ആയ താരം കഴിഞ്ഞ രണ്ടു ലീഗ് മത്സരങ്ങളിലും ഗോൾ നേടിയിരുന്നു. കഴിഞ്ഞ ദിവസം മത്സരത്തിന് മുന്നോടിയായി സംസാരിച്ച ബ്ലാസ്റ്റേഴ്സ് പരിശീലകൻ മൈക്കൽ സ്റ്റാറെ നോഹയെക്കുറിച്ച് സംസാരിച്ചു.
നോഹയെ കൂടുതലായി ആശ്രയിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഗോളുകൾ നേടാൻ കഴിയുന്ന നിരവധി താരങ്ങൾ ക്ലബ്ബിൽ ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. നോർത്ത്ഈസ്റ്റിനെതിരായ മത്സരത്തിൽ പല തരത്തിൽ ഗോൾ അവസരങ്ങൾ കളിക്കാർ രൂപപെടുത്തിയെന്നും നിഭാഗ്യം മൂലമാണ് ജയിക്കാൻ കഴിയാതിരുന്നെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
” കളിക്കാർ ഗോളുകൾ നേടുന്നത് ഇപ്പോഴും നല്ലതാണ്. പക്ഷേ, കളിക്കളത്തിൽ സംഭാവന (ഗോളും അസിസ്റ്റും) നൽകാൻ സാധിക്കുന്ന നിരവധി നല്ല താരങ്ങൾ ഞങ്ങളുടെ പക്കലുണ്ട്. നോഹ ഒരു പ്രധാന ഗോൾ നേടി, പക്ഷേ നിങ്ങൾ മത്സരം കണ്ടെങ്കിൽ, മറ്റ് കളിക്കാരിൽ നിന്നും മൂന്നോ നാലോ ഗോളുകൾ നേടാനുള്ള നല്ല അവസരങ്ങൾ ഞങ്ങൾക്ക് ലഭിച്ചതായി മനസിലാക്കും” സ്റ്റാറെ പറഞ്ഞു.
നോഹ സദൗയി ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവുമധികം ഗോളുകൾ നേടിയത് ഒഡീഷക്ക് എതിരേയായിരുന്നു (4 ഗോളുകൾ).ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഇന്നത്തെ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായേക്കും. അത് കേരള ബ്ലാസ്റ്റേഴ്സിന് കൂടുതൽ മികവ് നൽകിയേക്കും. നോഹിലേക്കും ജീസസിനും കൂടുതൽ അവസരങ്ങൾ ഒരുക്കാൻ ലൂണക്ക് സാധിക്കും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. പരുക്കിന്റെ പിടിയിലാണ് ഐബൻ ദോഹലിംഗിന് മത്സരം നഷ്ടമാകും.