പ്രഥമ സൂപ്പർ ലീഗ് കേരള സീസണിൽ, പ്രമുഖ ആഭ്യന്തര – വിദേശ താരങ്ങളെ എത്തിച്ചുകൊണ്ട് ഞെട്ടിച്ച ടീം ആണ് മലപ്പുറം എഫ് സി. മുൻ ഇന്ത്യൻ താരം അനസ് എടത്തൊടിക്ക നായകനായ എംഎഫ്സിയിൽ, മുൻ ഐലീഗ്, സന്തോഷ് ട്രോഫി താരങ്ങൾ അണിനിരക്കുന്നു. വെളിയത്ത് അജ്മൽ, അൻവർ അമീൻ ചേലാട്ട് എന്നിവരാണ് മലപ്പുറം ടീമിന്റെ ഉടമകൾ.
ഇക്കൂട്ടത്തിലേക്ക് ഇപ്പോൾ സഹ ഉടമയായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ കൂടി എത്തിയിരിക്കുകയാണ്. ഇതോടെ, സെലിബ്രിറ്റി ഉടമകൾ ഉള്ള സൂപ്പർ ലീഗ് കേരള ക്ലബ്ബുകളുടെ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുകയാണ് മലപ്പുറം എഫ് സി. നടൻ പൃഥ്വിരാജ് സുകുമാരൻ (ഫോഴ്സ കൊച്ചി), ആസിഫ് അലി (കണ്ണൂർ വാരിയേഴ്സ്), നിവിൻ പോളി (തൃശ്ശൂർ മാജിക്) എന്നിവരാണ് മറ്റു സെലിബ്രിറ്റി ഉടമകൾ. നിലവിലെ ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിലെ ഏക മലയാളി സാന്നിധ്യമാണ് സഞ്ജു സാംസൺ. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് വലിയ ആരാധക പിന്തുണ കേരളത്തിൽ ഉണ്ട്.
𝗦𝗮𝗻𝗷𝘂 𝗶𝘀 𝘄𝗶𝘁𝗵 𝘂𝘀#MalapppuramFC #MFC#SuperLeagueKerala #SLK pic.twitter.com/EIHS1mojps
— Malappuram FC (@malappuram_fc) September 9, 2024
ഈ പിന്തുണ മലപ്പുറം എഫ്സിക്കും ലഭിക്കും എന്നാണ് സഞ്ജു സാംസൺ സഹ ഉടമയായി എത്തിയതോടെ കരുതപ്പെടുന്നത്. മാത്രമല്ല, ക്രിക്കറ്റ് കരിയറിനൊപ്പം ബിസിനസിലേക്കും സഞ്ജു ചുവട് വച്ചിരിക്കുന്നതായി ഇവിടെ കാണാൻ സാധിക്കും. മുൻ ഐലീഗ് ടോപ്പ് സ്കോറർ ആയ സ്പാനിഷ് സ്ട്രൈക്കർ അലക്സ് സാഞ്ചസ്, മോഹൻ ബഗാൻ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തുടങ്ങിയ ടീമുകൾക്ക് വേണ്ടി കളിച്ച പരിചയമുള്ള സ്പാനിഷ് താരം ഹോസ്ബ ബെയ്റ്റിയ, ബ്രസീലിയൻ താരം സെർജിയോ ബർബോസ, ഉറുഗ്വായൻ ഫോർവേർഡ് പെഡ്രോ മാൻസി,സ്പാനിഷ് ഡിഫൻഡർമാരായ ഐതർ ആൾഡാലർ, റൂബൻ ഗാഴ്സസ് എന്നിവരാണ് മലപ്പുറം സ്ക്വാഡിലെ വിദേശ താരങ്ങൾ.
ഇവർക്കൊപ്പം മുൻ സന്തോഷ് ട്രോഫി ഗോൾകീപ്പർ മിഥുൻ, മുൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഗുർജീന്ദർ കുമാർ, മുൻ ചെന്നൈയിൻ താരം അജിത് കുമാർ, മുൻ ഒഡീഷാ താരം ജോർജ് ഡിസൂസ എന്നിവരെല്ലാം മലപ്പുറം എഫ് സി യുടെ താരങ്ങൾ ആണ്. മുൻ ആസ്റ്റൺ വില്ല പരിശീലകനായ ജോർജ് ഗ്രിഗറി ആണ് മലപ്പുറത്തിന്റെ പരിശീലകൻ.