2023-24 സീസണിലെ പ്രകടനത്തോടെ കേരള ബ്ലാസ്റ്റേഴ്സ് മധ്യനിരയിലെ പ്രധാന സാന്നിധ്യമായി മാറിയ മലയാളി താരമാണ് വിപിൻ മോഹനൻ. 21-കാരനായ വിപിൻ, കേരള ബ്ലാസ്റ്റേഴ്സ് ബി ടീമിലൂടെ സീനിയർ കരിയർ ആരംഭിക്കുകയും, പിന്നീട് 2022 മുതൽ കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ അംഗമാവുകയും ആയിരുന്നു. ആദ്യ സീസണിൽ 3 ലീഗ് മത്സരങ്ങൾ മാത്രമാണ് വിപിന് കളിക്കാൻ അവസരം ലഭിച്ചത്.
എന്നാൽ, 2023-24 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന ഡിഫെൻസീവ് മിഡ്ഫീൽഡർ ജിക്സൺ സിംഗ് പരിക്കേറ്റു പുറത്തുപോയതോടെ, വിപിൻ മോഹനൻ ടീമിൽ സ്ഥിര സാന്നിധ്യം ആവുകയായിരുന്നു. ടീം അദ്ദേഹത്തിന് അർപ്പിച്ച വിശ്വാസം അദ്ദേഹം കാത്തുസൂക്ഷിക്കുകയും ചെയ്തു.
കഴിഞ്ഞ സീസണിൽ 9 ലീഗ് മത്സരങ്ങൾ ഉൾപ്പെടെ 11 മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച വിപിൻ മോഹനൻ, ഒരു ഗോൾ സ്കോർ ചെയ്യുകയും ചെയ്തു. 2023-24 സീസണിന്റെ രണ്ടാം പകുതിയിൽ ക്യാപ്റ്റൻ അഡ്രിയൻ ലൂണ പരിക്കേറ്റു പുറത്തായതോടെ, ടീമിന്റെ സെറ്റ് പീസുകളും വിപിൻ തന്നെയാണ് എടുത്തിരുന്നത്.
ഇപ്പോൾ, വിപിനെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീം പരിശീലകനും യൂത്ത് ഡെവലപ്മെന്റ് തലവനുമായ ടോമസ് ചോർസ് വാചാലനായിരിക്കുകയാണ്. വിപിന് ജന്മനാ ഉള്ള കഴിവുകൾക്ക് പുറമേ, അദ്ദേഹം കൂടുതൽ കാര്യങ്ങൾ പെട്ടെന്ന് പഠിച്ചെടുക്കുന്നു എന്നാണ് ചോർസ് അഭിപ്രായപ്പെടുന്നത്.