മുംബൈ ഫുട്ബോൾ അരീനയിൽ മൈക്കൽ സ്റ്റാഹെയുടെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കെതിരെ മുംബൈ സിറ്റി എഫ്‌സി 4-2 ന് ആവേശകരമായ വിജയം നേടി. തോൽവിയോടെ കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എൽ പോയിൻ്റ് പട്ടികയിൽ പത്താം സ്ഥാനത്തേക്ക് വീണു, തുടർച്ചയായ തോൽവികൾ ടീമിൻ്റെ പ്രകടനത്തെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നു.
മത്സരത്തിന് ശേഷമുള്ള മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് മൈക്കൽ സ്റ്റാഹ്രെ നിരാശ പങ്കുവെക്കുകയും ചെയ്തു.നേരത്തെ ഒരു മഞ്ഞ കാർഡ് വാങ്ങിയ പെപ്ര, മികച്ച ഗോൾ നേട്ടത്തിലൂടെ കേരള ബ്ലാസ്റ്റേഴ്സിനെ മത്സരത്തിൽ ഒപ്പം എത്തിച്ച നിലയിൽ, തന്റെ ജേഴ്സി ഊരി സെലിബ്രേറ്റ് ചെയ്തതോടെ, അദ്ദേഹത്തിന് രണ്ടാമത്തെ മഞ്ഞക്കാർഡ് ലഭിക്കുകയും, റെഡ് കാർഡിനെ തുടർന്ന് പുറത്ത് പോകേണ്ടി വരികയും ചെയ്തു. കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തിൽ ഒപ്പം എത്തിയെങ്കിലും, 10 പേരിലേക്ക് ചുരുങ്ങിയത് ടീമിന്റെ ആകെ പ്രകടനത്തെ ബാധിച്ചു. മത്സരശേഷം ഉടൻ തന്നെ ലോക്കർ റൂമിൽ ഈ വിഷയത്തെ കുറിച്ച് അദ്ദേഹവുമായി സംസാരിച്ചെന്നും ഇനി ഈ തെറ്റ് അദ്ദേഹം ആവർത്തിക്കില്ലെന്നും പരിശീലകൻ വ്യക്തമാക്കി.
“ഒന്നാമതായി ആഹ്ലാദപ്രകടനത്തെക്കുറിച്ച് അദ്ദേഹത്തെ ഓർമ്മിപ്പിക്കുമെന്ന് ഞാൻ കരുതുന്നു. ലോക്കർ റൂമിൽ വെച്ച് ഞങ്ങൾ ഇതിനെക്കുറിച്ച് സംസാരിച്ചു, അവൻ ഇനി ഒരിക്കലും ഈ തെറ്റ് വരുത്തില്ല” ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞു.ഗോൾ വഴങ്ങിയ ശേഷം, കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ വലിയ സമ്മർദ്ദത്തിൽ ആകുന്ന കാഴ്ചയാണ് കണ്ടത്. ബംഗളൂരുവിന് എതിരായ മത്സരത്തിൽ 2-1 എന്ന നിലയിൽ ബ്ലാസ്റ്റേഴ്സ് പിറകിൽ നിൽക്കുന്ന വേളയിൽ, ഓൾഔട്ട് ആക്രമണം നടത്തി. പ്രതിരോധത്തിന് ഒട്ടും പ്രാധാന്യം നൽകാതെ വന്നപ്പോൾ, ബ്ലാസ്റ്റേഴ്സിന് ഗോൾ നേടാൻ ആയില്ല എന്ന് മാത്രമല്ല ഒരു ഗോൾ കൂടി വഴങ്ങേണ്ടി വരികയും ചെയ്തു.
സമാനമായി മുംബൈയ്ക്കെതിരെ 3-2 എന്ന നിലയിൽ പിറകിൽ നിൽക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിൽ യാതൊരു ശ്രദ്ധയും നൽകാതെ പോകുന്ന കാഴ്ചയാണ് കണ്ടത്. ഇതിന്റെ ഫലമായി നാലാമത്തെ ഗോളിന് വേണ്ടിയുള്ള പെനാൽറ്റി വഴങ്ങേണ്ടി വന്നു. മറ്റൊരു പ്രധാന കാരണം, കേരള ബ്ലാസ്റ്റേഴ്സ് അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും, അവ ഗോൾ ആക്കി മാറ്റുന്നതിൽ പരാജയപ്പെടുന്നു എന്നതാണ്. സ്ട്രൈക്കർ ജീസസ് ജിമിനസ് ഫീൽഡ് ഗോൾ കണ്ടെത്താൻ മടി കാണിക്കുന്നതും, നോഹ സദോയിയുടെ അഭാവവും ഇക്കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ ബാധിച്ചിരിക്കുന്നു.