മേജർ ലീഗ് സോക്കറിൽ ഇന്റർ മിയാമിയെ സമനിലയിൽ തളച്ച് കൊളറാഡോ റാപ്പിഡ്സ്. ഇരു ടീമുകളും രണ്ടു ഗോളുകൾ വീതമാണ് മത്സരത്തിൽ നേടിയത്. പകരക്കാരനായി ഇറങ്ങിയ സൂപ്പർ താരം ലയണൽ മെസ്സി ഇന്റർ മായമിക്കായി ഗോൾ നേടുകയും ചെയ്തു.
ഹാംസ്ട്രിംഗ് പരിക്ക് മൂലം ഒരു മാസത്തോളം അർജൻ്റീനിയൻ കളിക്കളത്തിന് പുറത്തായിരുന്നു.കഴിഞ്ഞ നാല് ഗെയിമുകൾ അദ്ദേഹത്തിന് നഷ്ടമായിരുന്നു.പക്ഷേ ഹോം ഗെയിമിന് പകരക്കാരിൽ ഇടം നേടി.CONCACAF ചാമ്പ്യൻസ് കപ്പ് ക്വാർട്ടർ ഫൈനലിൽ മെക്സിക്കോയുടെ മോണ്ടെറേയോട് ബുധനാഴ്ചയിലെ 2-1 ന്റെ തോൽവിയും മെസ്സിക്ക് നഷ്ടമായിരുന്നു. ഒന്നാം പകുതിയുടെ അവസാന നിമിഷത്തിൽ പെനാൽറ്റിയിൽ നിന്നും നേടിയ ഗോളിൽ കൊളറാഡോ മുന്നിലെത്തി.
ഡിഫൻഡർ റയാൻ സെയ്ലർ കൊളറാഡോയുടെ ഫ്രഞ്ച് ഫോർവേഡ് കെവിൻ കബ്രാലിനെ ബോക്സിൽ വീഴ്ത്തിയതിനാണ് കൊളറാഡോക്ക് പെനാൽറ്റി ലഭിച്ചത്.റാപ്പിഡ്സിൻ്റെ ബ്രസീലിയൻ ഫോർവേഡ് റാഫേൽ നവാരോ പെനാൽറ്റി ഗോളാക്കി മാറ്റി.ഇടവേളയ്ക്ക് ശേഷം മെസ്സി മയാമിക്കായി ഇറങ്ങുകയും ഗോൾ നേടുകയും ചെയ്തു.ഫ്രാങ്കോ നെഗ്രി ഇടതുവശത്ത് നിന്ന് കൊടുത്ത ക്രോസിൽ നിന്നും 57 ആം മിനുട്ടിൽ ലയണൽ മെസ്സി ഇന്റർ മയാമിയുടെ സമനില ഗോൾ നേടി.
മൂന്നു മിനുട്ടിനു ശേഷം ഡേവിഡ് റൂയിസ് കൊടുത്ത ക്രോസിൽ നിന്നും അരങ്ങേറ്റക്കാരൻ ലിയോനാർഡോ അഫോൺസോ നേടിയ ഗോളിൽ ഇന്റർ മായാമി മുന്നിലെത്തി.88-ാം മിനിറ്റിൽ കോൾ ബാസെറ്റിന്റെ ഗോളിൽ കൊളറാഡോ റാപ്പിഡ്സ് സമനില ഗോൾ നേടി. 8 മത്സരങ്ങളിൽ നിന്നും 12 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഇന്റർ മയാമി.