ലയണൽ മെസ്സിക്കൊപ്പം വലിയ പദ്ധതികളുമായി അർജന്റീന |Lionel Messi

ലയണൽ മെസ്സിയുമായി ബന്ധപ്പെട്ടു കൊണ്ടുള്ള ട്രാൻസ്ഫർ ചർച്ചകളാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് സജീവം. മെസ്സി പി എസ് ജി യിൽ ഇനി കളിക്കില്ല എന്ന് ഉറപ്പായ സാഹചര്യത്തിൽ താരത്തിന്റെ പുതിയ ക്ലബ്ബ് ഏതായിരിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ. അദ്ദേഹം തിരികെ ബാഴ്സയിലേക്ക് പോകുമോ അതോ അൽഹിലാലിന്റെ റെക്കോർഡ് വാഗ്ദാനം സ്വീകരിക്കുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.

അതേസമയം മെസ്സിക്ക് വേണ്ടി പ്രീമിയർ ലീഗ് ക്ലബ്ബുകളും മേജർ ലീഗ് സോക്കർ ക്ലബായ ഇന്റർ മിയാമിയും രംഗത്തുണ്ട്. അതിനാൽ താരം ഏത് ക്ലബ്ബിലേക്ക് പോകും എന്നുള്ള കാര്യം ഇതുവരെയും ഉറപ്പായിട്ടില്ല. എന്നാൽ മെസ്സി യൂറോപ്പ് വിടാൻ ഉള്ള സാഹചര്യം കുറവാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് പ്രമുഖ അർജന്റീനിയൻ ഫുട്ബോൾ മാധ്യമപ്രവർത്തകനായ ഗ്യാസ്ടോൺ എഡ്യൂൾ.

അടുത്തവർഷം കോപ്പ അമേരിക്ക നടക്കുകയാണ്. വീണ്ടും കോപ്പാ കിരീടം നേടണമെന്ന് മെസ്സിക്ക് അതിയായ ആഗ്രഹമുണ്ട്. അതിനാൽ തന്റെ കളി മികവ് നിലനിർത്താൻ യൂറോപ്പിൽ തന്നെ തുടരേണ്ടതുണ്ട് എന്നാണ് മെസ്സി കരുതുന്നത്. യൂറോപ്പിന് പുറത്തേക്ക് പോയാൽ അത് തന്റെ പോരാട്ട വീര്യത്തെ കുറയ്ക്കുമോ എന്നുള്ള ആശങ്കയും മെസ്സിക്ക് ഉള്ളതിനാൽ മെസ്സി യൂറോപ്പിൽ തന്നെ തുടരാൻ സാധ്യത കൂടുതലാണെന്ന് എഡ്യൂൾ അഭിപ്രായപ്പെടുന്നു.കൂടാതെ അടുത്ത കോപ്പ അമേരിക്ക നേടാനുള്ള നീക്കങ്ങളും അർജന്റീന നടത്തുന്നുണ്ട്. സ്കലോണിയ്ക്ക് പുതിയ കരാർ നൽകിയതും ഇതിന്റെ ഭാഗമാണ്. കോപ്പ അമേരിക്കക്ക് പുറമെ 2026 ലെ ലോകകപ്പടക്കം അർജന്റീന ലക്ഷ്യം വെക്കുന്നു.

അർജന്റീനയുടെ ഈ പദ്ധതികളെല്ലാം വിജയകരമായി പൂർത്തിയാവാൻ താൻ യൂറോപ്പിൽ തന്നെ തുടരേണ്ടതുണ്ട് എന്ന് മെസ്സി വിശ്വസിക്കുന്നു. അതിനാൽ താരം യൂറോപ്പിൽ തന്നെ തുടരാനാണ് സാധ്യത കൂടുതൽ. ബാഴ്സലോണയായിരിക്കും മെസി തിരഞ്ഞെടുക്കുക. കാരണം ബാഴ്സയിലേക്ക് മടങ്ങി പോകാൻ മെസ്സി ആഗ്രഹിക്കുന്നുണ്ട്. മെസ്സിയെ തിരികെയെത്തിക്കാൻ ബാഴ്സയും ആഗ്രഹിക്കുന്നു. ലാലിഗയിലെ സാമ്പത്തിക നിയന്ത്രണങ്ങളാണ് ഇതിനുമുന്നിൽ ബാഴ്സയ്ക്ക് തടസ്സമായുള്ളത്. ഈ സാമ്പത്തിക നിയന്ത്രണങ്ങൾ മറികടന്നുകൊണ്ട് മെസ്സിയെ സ്വന്തമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബാഴ്സയും.

അതേസമയം മെസ്സി ഇനി പി എസ് ജിക്ക് വേണ്ടി കളിക്കില്ല എന്ന് ഉറപ്പായിരിക്കുകയാണ്. പിഎസ്‌ജിയുമായി പുതിയ കരാർ ഒപ്പുവെക്കാൻ മെസ്സി വിസമ്മതിച്ചിരുന്നു. കൂടാതെ കഴിഞ്ഞദിവസം ക്ലബ്ബിനെ അറിയിക്കാതെ സൗദിയിലേക്ക് പോയി എന്ന് ചൂണ്ടിക്കാട്ടി മെസ്സിക്കെതിരെ പി എസ് ജി സസ്പെൻഷൻ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തോടെ മെസ്സിയും പി എസ് ജിയും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്. അതിനാൽ മെസ്സി ഇനി ഒരിക്കലും പി എസ് ജിക്ക് വേണ്ടി കളിക്കാൻ സാധ്യതയില്ല.

ArgentinaLionel Messi
Comments (0)
Add Comment