ഫ്രഞ്ച് ലീഗിൽ ലോറിയന്റുമായുള്ള മത്സരത്തിന് ശേഷം ക്ലബിന്റെ അനുമതിയില്ലാതെ സൗദി അറേബ്യയിലേക്ക് യാത്ര ചെയ്‌ത ലയണൽ മെസിയെ സസ്‌പെൻഡ് ചെയ്‌ത തീരുമാനം മയപ്പെടുത്താൻ പിഎസ്‌ജി ഒരുങ്ങുന്നുവെന്ന് വ്യക്തമാകുന്നു. ട്രെയിനിങ് ഗ്രൗണ്ടിൽ നിന്നടക്കമാണ് ലയണൽ മെസിയെ വിലക്കിയതെങ്കിലും ഇന്ന് രാവിലെ മുതൽ താരം പരിശീലനം ആരംഭിച്ചുവെന്ന് ക്ലബ് തന്നെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി വ്യക്തമാക്കി.
കഴിഞ്ഞ ആഴ്‌ചയുടെ തുടക്കത്തിലാണ് ലയണൽ മെസി സൗദി അറേബ്യ സന്ദർശിച്ചത്. അതിന്റെ തൊട്ടടുത്ത ദിവസം നടന്ന ട്രെയിനിങ് സെഷനിൽ നിന്നും താരം വിട്ടു നിന്നതിനെ തുടർന്നും ക്ലബിന്റെ അനുമതിയില്ലാതെ സൗദി സന്ദർശിച്ചതിന്റെ പേരിലും താരത്തിനെ ക്ലബ് വിലക്കിയിരുന്നു. ഇതിനു പിന്നാലെ മെസിയെ ക്ലബിൽ നിന്നും ഒഴിവാക്കണം എന്ന ആവശ്യവുമായി ആരാധകർ പ്രതിഷേധം ആരംഭിക്കുകയും ചെയ്‌തു.
എന്നാൽ വിലക്ക് വന്നതിനെ പ്രൊഫെഷണൽ സമീപനത്തോടെയാണ് മെസി സ്വീകരിച്ചത്. മത്സരത്തിന്റെ പിറ്റേ ദിവസം അവധിയാണെന്ന് കരുതിയാണ് താൻ സൗദി സന്ദർശനത്തിനായി പോയതെന്നും തന്റെ പ്രവൃത്തിയിൽ സഹതാരങ്ങളോട് ക്ഷമാപണം നടത്തുന്നുവെന്നും പറഞ്ഞ താരം അതിനു ശേഷം ക്ലബ് എടുക്കുന്ന എന്ത് നടപടിയാണെങ്കിലും അതിനെ അംഗീകരിക്കുന്നുവെന്നും വ്യക്തമാക്കി.
ലയണൽ മെസി ക്ഷമാപണം നടത്തിയതാണ് താരത്തിനെതിരായ നടപടി മയപ്പെടുത്താൻ പിഎസ്‌ജി തീരുമാനിക്കാൻ കാരണമെന്നാണ് അനുമാനിക്കേണ്ടത്. വിലക്കിനെ തുടർന്ന് കഴിഞ്ഞ ലീഗ് മത്സരത്തിനുള്ള സ്‌ക്വാഡിൽ മെസി ഉണ്ടായിരുന്നില്ല. അടുത്ത മത്സരത്തിൽ താരം കളിക്കുമോയെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തതയില്ലെങ്കിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പിഎസ്‌ജി അയഞ്ഞുവെങ്കിലും ലയണൽ മെസി ഒരു കാര്യത്തിൽ അയവു വരുത്താൻ യാതൊരു സാധ്യതയുമില്ല. ക്ലബിനൊപ്പം തുടരാൻ മെസിക്ക് പുതിയ കരാർ പിഎസ്‌ജി വാഗ്‌ദാനം ചെയ്‌തുവെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ പിഎസ്‌ജി ആരാധകർ തനിക്കെതിരെ തിരിഞ്ഞതിൽ അസംതൃപ്‌തനായ താരം കരാർ പുതുക്കാൻ തയ്യാറാകില്ലെന്നുറപ്പാണ്.