ലയണൽ മെസ്സി ഇന്റർമിയാമിയിൽ എത്തിയതോടെ മികച്ച ഫോമിലാണ് ക്ലബ്. തുടർ പരാജയങ്ങളിൽ വലഞ്ഞിരുന്ന ക്ലബ്ബ് മെസ്സി എത്തിയതിന് പിന്നാലെ ഒരൊറ്റ മത്സരത്തിൽ പോലും പരാജയപ്പെട്ടിട്ടില്ല. കഴിഞ്ഞ എട്ടുമത്സരങ്ങളിൽ അപരാജിതരായി കുതിക്കുന്ന മിയാമി മെസ്സിയുടെ കീഴിൽ ലീഗ് കിരീടത്തിലും മുത്തമിട്ടിരുന്നു. യുഎസ് ഓപ്പൺ കപ്പിന്റെ ഫൈനലിനും മിയാമി യോഗ്യത നേടി.
എന്നാൽ കളത്തിനുള്ളിൽ മാത്രമല്ല മെസ്സി തരംഗത്തിൽ കളത്തിന് പുറത്തും മിയാമി വമ്പൻ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. മിയാമിയുടെ വരുമാനം 200 മില്യൻ ഡോളറിലേക്ക് ഉയരുമെന്നാണ് കണക്കുകൾ. മെസ്സി ക്ലബ്ബിലേക്ക് വരുന്നതോടെ മിയാമിയുടെ വരുമാനത്തിലും വലിയ മാറ്റങ്ങൾ ഉണ്ടാവുമെന്ന് മിയാമി ഉടമകൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അവർ പ്രതീക്ഷിച്ചതിനേക്കാളും മൂന്നിരട്ടിയിലേക്കാണ് മിയാമിയുടെ വരുമാനമിപ്പോൾ കടക്കുന്നത്.
മെസ്സി വന്നതോടുകൂടി ജേഴ്സി വിൽപ്പനയിലും, ടിക്കറ്റ് വിൽപ്പനയിലും സ്പോൺസർഷിപ്പിനത്തിലും മിയാമി വലിയ കുതിച്ചുചാട്ടം നടത്തിയിരുന്നു. ഇപ്പോൾ മെസ്സിയുടെ കീഴിൽ മിയാമി ഉജ്ജ്വല പ്രകടനം കാഴ്ചവെക്കുന്നതോടെ മിയാമിയുടെ മൂല്യം വീണ്ടും ഉയർന്നിരിക്കുകയാണ്. ഏതായാലും ഉടമകൾ പ്രതീക്ഷിച്ചതിനേക്കാൾ മൂന്നിരട്ടി വരുമാനം മെസ്സി തരംഗത്തിൽ മിയാമി സ്വന്തമാക്കിയിട്ടുണ്ട്.
Inter Miami’s revenues are expected to reach $200 million, more than three times the target set before Lionel Messi’s arrival. pic.twitter.com/FB2rb5CXzD
— Barça Worldwide (@BarcaWorldwide) August 26, 2023
മിയാമി മാത്രമല്ല, മേജർ ലീഗ് സോക്കറും ലീഗിലെ മറ്റു ക്ലബ്ബുകളും മെസ്സിയുടെ അമേരിക്കയിലേക്കുള്ള വരവോടുകൂടി വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നുണ്ട്. മെസ്സിയുടെ മത്സരത്തിന് എതിർ ടീമുകൾ പോലും വലിയ നിരക്കിലാണ് ടിക്കറ്റ് വിറ്റഴിക്കുന്നത്. കൂടാതെ മെസ്സിയുടെ വരവോടുകൂടി മേജർ ലീഗ് സോക്കറിന് സ്പോൺസർഷിപ്പിനത്തിലും ബ്രോഡ്കാസ്റ്റിനത്തിലും വലിയ നേട്ടം ഉണ്ടാക്കാൻ ആയിട്ടുണ്ട്. വരും സീസണുകളിലും ഈ സാമ്പത്തിക നേട്ടം വർദ്ധിക്കും.ചുരുക്കിപ്പറഞ്ഞാൽ മെസ്സിയുടെ മിയാമിയിലേക്കുള്ള വരവ് മിയാമിയെ കൂടാതെ അമേരിക്കയിലൊടു നീളം വലിയ സാമ്പത്തിക നേട്ടമുണ്ടാക്കാൻ സഹായിച്ചിട്ടുണ്ട്.