‘കോപ്പ അമേരിക്ക മെസ്സിയുടെ അവസാന മത്സരമല്ല, 2026 ലോകകപ്പിൽ ഞങ്ങൾക്ക് ലയണൽ മെസിയെ വെച്ച് വലിയ പദ്ധതികളുണ്ട്’ : ലയണൽ സ്കെലോണി | Lionel Messi

2024 കോപ്പ അമേരിക്കയുടെ കിരീടവകാശിയെ നാളെ അറിയും. നാളെ ഇന്ത്യൻ സമയം പുലർച്ചെ 5.30 ന് മയാമിയിലെ ഹാർഡ്റോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ആവേശ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും കൊളംബിയയും തമ്മിലാണ് ഏറ്റുമുട്ടുന്നത്.

സെമി ഫൈനലിൽ കാനഡയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മെസ്സിയും സംഘവും തകർത്തത്. മറുഭാഗത്ത് ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ച്ച വെച്ച യുറുഗ്വായെ എതിരില്ലാത്ത ഒരു ഗോളുകൾക്കാണ് കൊളംബിയ തോൽപ്പിച്ചത്. കോപ്പ അമേരിക്ക ഫൈനലിന് മുന്നോടിയായി അർജൻ്റീന ദേശീയ ടീം പരിശീലകൻ ലയണൽ സ്‌കലോനി ശനിയാഴ്ച പത്രസമ്മേളനം നടത്തി.

ലയണൽ മെസ്സിയെക്കുറിച്ചും ഡി മരിയയുടെ വിരമിക്കലിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഡി മരിയ ദേശീയ ടീമിനൊപ്പം കളിക്കുന്ന അവസാനത്തെ മത്സരമായിരിക്കുമത്. ലയണൽ മെസി തന്റെ ഭാവിയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെങ്കിലും ഇത് താരത്തിന്റെ അവസാനത്തെ ടൂർണമെന്റ് ആയിരിക്കുമോയെന്ന സംശയം ആരാധകർക്കുണ്ട്.

“ഈ കോപ്പ അമേരിക്ക ഏഞ്ചൽ ഡി മരിയയുടെ അവസാനത്തെ ടൂർണമെന്റ് ആയിരിക്കുമെന്ന് ഉറപ്പാണ്. എന്നാൽ ലയണൽ മെസിയുടെ കാര്യത്തിൽ അങ്ങിനെയല്ല. 2026 ലോകകപ്പിൽ ഞങ്ങൾക്ക് ലയണൽ മെസിയെ വെച്ച് വലിയ പദ്ധതികളുണ്ട്. കോപ്പ അമേരിക്ക ഫൈനലിന് ശേഷം ഞങ്ങൾ താരവുമായി ഇരുന്ന് സംസാരിച്ച് അതിൽ തീരുമാനമുണ്ടാക്കും. ലയണൽ മെസിക്ക് തുടർന്ന് കളിക്കാൻ ആഗ്രഹമില്ലെങ്കിൽ ടീമിനൊപ്പം 2026 ലോകകപ്പിൽ തുടരാൻ ഞാൻ അഭ്യർത്ഥിക്കും. മെസിക്ക് ഇനിയും ഈ രാജ്യത്തിന് വേണ്ടി ഒരുപാട് നൽകാൻ കഴിയും” സ്കെലോണി പറഞ്ഞു.

Comments (0)
Add Comment