ഒഴിവാക്കാൻ പോയ ക്വാമി പെപ്ര കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരമായി മാറുമ്പോൾ | Kerala Blasters

കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളിൽ മികച്ച പ്രകടനം തുടർന്ന് മാനേജ്മെന്റിന്റെയും ആരാധകരുടെയും പ്രീതി പിടിച്ചു പറ്റുകയാണ് ഘാന ഫോർവേർഡ് ക്വാമി പെപ്ര. തായ്ലൻഡിൽ നടന്ന പ്രീ സീസണിൽ ഗോളുകളും അസിസ്റ്റുകളും ആയി മൈതാനത്ത് നിറഞ്ഞുകളിച്ച ക്വാമി പെപ്ര, തന്റെ മികച്ച ഫോം ഡ്യുറണ്ട് കപ്പിലും തുടരുകയാണ്. ഇത് വരും ഐഎസ്എൽ സീസണിലേക്ക് തയ്യാറെടുപ്പ് നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സിന് ശുഭപ്രതീക്ഷയാണ് നൽകുന്നത്.

2023-ലാണ് ഈ യുവ ആഫ്രിക്കൻ താരത്തെ ഇസ്രായേലി ഫുട്ബോൾ ക്ലബ് ആയ ഹപൗൽ ഹാദേരയിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തത്. രണ്ട് വർഷത്തെ കോൺട്രാക്ടിൽ ആണ് ക്വാമി പെപ്രയെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. 2023 – 2024 സീസണിൽ 13 മത്സരങ്ങൾ കളിച്ച ക്വാമി പെപ്ര, നാല് ഗോളുകൾ സ്കോർ ചെയ്തു. എന്നാൽ, ഈ സീസണിൽ ഇതിനോടകം തന്നെ താരം മൂന്ന് ഗോളുകൾ സ്കോർ ചെയ്തു കഴിഞ്ഞു.

ഡ്യുറണ്ട് കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന്, 3 ഗോളുകളും ഒരു അസിസ്റ്റും ആണ് ക്വാമി പെപ്ര നേടിയിരിക്കുന്നത്. മുംബൈ സിറ്റിക്കെതിരെ നടന്ന ആദ്യ മത്സരത്തിൽ ഹാട്രിക് നേട്ടം കൈവരിച്ച ക്വാമി പെപ്ര, പഞ്ചാബിനെതിരായ രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നേടിയ ഏക ഗോളിന് വഴിയൊരുക്കുകയും ചെയ്തു. ഇതോടെ, ഈ സീസണിൽ താൻ മികച്ച പ്രകടനം നടത്തും എന്നതിന്റെ സൂചനയാണ് 23-കാരനായ ക്വാമി പെപ്ര നൽകിയിരിക്കുന്നത്. ഇത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ സംബന്ധിച്ചിടത്തോളവും, വലിയ പ്രതീക്ഷ നൽകുന്ന കാര്യമാണ്.

ഘാന അണ്ടർ 23 ടീമിൽ കളിച്ചിട്ടുള്ള ക്വാമി പെപ്ര, നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ ദേശീയ തലത്തിൽ നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വരും സീസണിൽ ക്ലബ്ബിന് വേണ്ടി മികച്ച പ്രകടനം നടത്തി, ദേശീയ സീനിയർ ടീമിൽ ഇടം നേടുക എന്ന ലക്ഷ്യം കൂടി ക്വാമി പെപ്രയെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായി ഉണ്ട്. അഡ്രിയാൻ ലൂണ, നോഹ സദൗയ് എന്നിവർക്കൊപ്പം മികച്ച കോമ്പിനേഷൻ ആണ് ക്വാമി പെപ്ര കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരയിൽ നടത്തുന്നത്. ഇവരുടെ കൂട്ടത്തിലേക്ക് ഒരു വിദേശ താരം കൂടി വരാനും ഉണ്ട്.

kerala blasters
Comments (0)
Add Comment