കേരള ബ്ലാസ്റ്റേഴ്സ് അവരുടെ വരും സീസണിലേക്കുള്ള വിദേശ താരങ്ങളുടെ സൈനിങ്ങിൽ ആകെ ആശയക്കുഴപ്പത്തിൽ ആയിരിക്കുകയാണ്. ഒരു ഐഎസ്എൽ ടീമിനെ 6 വിദേശ താരങ്ങളെ ആണ് സ്ക്വാഡിൽ നിലനിർത്താൻ സാധിക്കുക. കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ നിലവിൽ ആറ് വിദേശ താരങ്ങൾ പൂർത്തിയായി കഴിഞ്ഞു.
ക്യാപ്റ്റൻ അഡ്രിയാൻ ലൂണ, ഡിഫൻഡർ മിലോസ് ഡ്രിൻസിക് എന്നിവരെ നിലനിർത്തിയപ്പോൾ, മൊറോക്കൻ സ്ട്രൈക്കർ നോഹ സദൗയിയെ കേരള ബ്ലാസ്റ്റേഴ്സ് പുതിയതായി സൈൻ ചെയ്തു. ഇദ്ദേഹത്തെ കൂടാതെ ഫ്രഞ്ച് ഡിഫൻഡർ അലക്സാണ്ടർ കോയിഫിനെ ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തതായി റിപ്പോർട്ടുകൾ ഉണ്ട്, ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ഈ നാല് പേരെ കൂടാതെ, രണ്ട് താരങ്ങൾക്ക് കൂടി നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് കോൺട്രാക്ട് ഉണ്ട്. ഓസ്ട്രേലിയൻ ഫോർവേഡ് ജോഷ്വ സൊറ്റീരിയോ, ഘാന ഫോർവേഡ് ക്വാമി പെപ്ര എന്നിവർക്കാണ് ബ്ലാസ്റ്റേഴ്സ് കോൺട്രാക്ട് ഉള്ളത്.
എന്നാൽ, ഈ രണ്ട് ഫോർവേഡുകളുടെയും കേരള ബ്ലാസ്റ്റേഴ്സിലെ ഭാവി, പ്രീ-സീസിണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ടീമിന്റെ പുതിയ പരിശീലകനായ മൈക്കിൾ സ്റ്റാറെ തീരുമാനിക്കും എന്നാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് നേരത്തെ എടുത്ത തീരുമാനം. രണ്ടിൽ ഒരാളെ നിലനിർത്തി, ഒരു പുതിയ താരത്തെക്കൂടി സൈൻ ചെയ്യാനാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് താൽപര്യം. കൂട്ടത്തിൽ, പരിക്ക് മൂലം കഴിഞ്ഞ സീസൺ മുഴുവനായി നഷ്ടമായ ജോഷ്വ സൊറ്റീരിയോയെ നിലനിർത്താനാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന് ആഗ്രഹം എന്ന് ചില അനൗദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എന്നാൽ, പ്രീസീസണിലെ പ്രകടനമാണ് മാനദണ്ഡമാക്കുന്നതെങ്കിൽ, ക്വാമി പെപ്ര ഗംഭീര പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്. മൂന്ന് പ്രീ സീസൺ മത്സരങ്ങളിൽ കളിച്ച പെപ്ര, രണ്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കി. ഈ സാഹചര്യത്തിൽ പെപ്രയെ ബ്ലാസ്റ്റേഴ്സ് എങ്ങനെ കൈവിടും!! നേരത്തെ ചില ട്രാൻസ്ഫർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പ്രകാരം, പെപ്രയെ ഗോകുലം എഫ്സിക്ക് ലോൺ അടിസ്ഥാനത്തിൽ നൽകും എന്ന് സൂചിപ്പിച്ചിരുന്നു. എന്നാൽ ഇക്കാര്യങ്ങളിലെല്ലാം അവസാന തീരുമാനമെടുക്കേണ്ടത് പരിശീലകൻ സ്റ്റാറെ തന്നെയാണ്.