കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിൽ വളരെ ഏറെ പ്രയാസകരമായ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ഏറ്റവും ഒടുവിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ മൂന്നിലും പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ്, ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഡിസംബർ 22 ഞായറാഴ്ച മൊഹമ്മദൻ എസ്സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഇനി നടക്കാനിരിക്കുന്ന മത്സരം. ഈ വർഷത്തെ (2024) കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന ഹോം മത്സരം കൂടിയാണ് ഇത്.
നേരത്തെ, ഇരു ടീമുകളും കൊൽക്കത്തയിൽ ഏറ്റുമുട്ടിയപ്പോൾ, ഒന്നിനെതിരെ 2 ഗോളുകൾക്ക് വിജയം സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു. ഈ റിസൾട്ട് ആവർത്തിക്കാൻ ആണ് ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ ലക്ഷ്യമിടുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം വിലയിരുത്തിയാൽ, ഏറ്റവും ഒടുവിൽ നടന്ന മത്സരങ്ങളുടെ ഫലങ്ങൾ ബ്ലാസ്റ്റേഴ്സിന് എതിരായിരുന്നുവെങ്കിലും, പല മത്സരങ്ങളിലും മികച്ച കളി കാഴ്ചവെക്കാൻ മഞ്ഞപ്പടക്ക് സാധിച്ചിട്ടുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്.
ഏറ്റവും ഒടുവിൽ നടന്ന മോഹൻ ബഗാന് എതിരായ മത്സരത്തിൽ, ഒരു ഘട്ടത്തിൽ ലീഡ് നേടിയ കേരള ബ്ലാസ്റ്റേഴ്സ്, അവസാന നിമിഷമാണ് ഗോളുകൾ വഴങ്ങി പരാജയം നേരിട്ടത്. ഇതുതന്നെയാണ് പുറത്താക്കപ്പെട്ട കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ മുഖ്യപരിശീലകൻ മൈക്കിൾ സ്റ്റാഹ്രെയും തുറന്നു പറഞ്ഞത്. പുറത്താക്കിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുന്ന വേളയിൽ, പല മത്സര ഫലങ്ങളും തങ്ങളുടെ പ്രകടനത്തിന് ലഭിക്കേണ്ട ഫലത്തിന് വിപരീതമായി മാറുകയുണ്ടായി എന്ന് പറഞ്ഞു.
അതേസമയം, കേരള ബ്ലാസ്റ്റേഴ്‌സ് ഒരു മികച്ച ക്ലബ്ബ് ആണ് എന്ന് ഇപ്പോഴും ആത്മാർത്ഥമായി പറയുന്ന സ്റ്റാഹ്രെ ഒരു കാര്യം കൂടി വ്യക്തമാക്കുന്നു. ഈ സീസണിൽ ഈ ടീമിലുള്ള വിശ്വാസം അവസാനിപ്പിക്കാൻ ആയിട്ടില്ല. സീസണിൽ പ്ലേഓഫ് പൊസിഷൻ ഉറപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് ഇനിയും സാധിക്കും എന്നാണ് സ്റ്റാഹ്രെ പറയുന്നത്. തീർച്ചയായും അത് തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആഗ്രഹവും. എത്രയും പെട്ടെന്ന് മാനേജ്മെന്റ് മുഖ്യ പരിശീലകനെ കൊണ്ടുവരികയും, അദ്ദേഹത്തിന്റെ കീഴിൽ ടീം മികച്ച രീതിയിൽ തിരിച്ചുവരികയും ചെയ്യേണ്ടത് അനിവാര്യമാണ്.