കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പുതിയ സൈനിങ് ആയ സ്പാനിഷ് സ്ട്രൈക്കർ ജീസസ് ജിമിനസ് ഒടുവിൽ ടീമിനൊപ്പം ചേർന്നിരിക്കുകയാണ്. ട്രാൻസ്ഫർ ഡെഡ്ലൈൻ അടുക്കുന്ന വേളയിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് ജീസസിനെ സ്വന്തമാക്കിയതായി പ്രഖ്യാപനം നടത്തിയത്. എന്നാൽ, താരം എന്ന് ടീമിനൊപ്പം ചേരും എന്ന കാര്യത്തിൽ ആരാധകർക്കിടയിൽ ആശങ്കകളും സംശയങ്ങളും നിലനിന്നിരുന്നു.
ഇപ്പോൾ ആരാധകരുടെ കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട് ജീസസ് ജിമിനസ് ഇന്ത്യയിൽ പറന്നെത്തിയിരിക്കുകയാണ്. നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിൽ പരിശീലനം തുടരുകയാണ്. അതുകൊണ്ടുതന്നെ ജീസസ് കൊൽക്കത്തയിൽ ആണ് എത്തിയിരിക്കുന്നത്. കൊൽക്കത്തയിൽ വെച്ച് താരം ടീമിനൊപ്പം ചേർന്നു. കുടുംബസമേതം ആണ് ജീസസ് ജിമിനസ് ഇന്ത്യയിൽ എത്തിയിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ചേർന്നതിന് ശേഷം, ആരാധകരോട് ആദ്യ പ്രതികരണം നടത്തുകയും ചെയ്തു.
ദേ നമ്മൾ പറഞ്ഞ ആളെത്തി! 😎🔥
— Kerala Blasters FC (@KeralaBlasters) September 6, 2024
Jesús has arrived to supercharge our attack! 💛 #KBFC #KeralaBlasters pic.twitter.com/wj3DYXOoAo
“ഒടുവിൽ ഞാൻ ഇന്ത്യയിൽ എത്തിയിരിക്കുന്നു, നമുക്ക് സെപ്റ്റംബർ 15-ന് കാണാം,” കേരള ബ്ലാസ്റ്റേഴ്സ് പങ്കുവെച്ച വീഡിയോയിൽ ജീസസ് ജിമിനസ് പറഞ്ഞു. അദ്ദേഹത്തിന്റെ ഈ വാക്കുകളോടെ ആരാധകരുടെ ഒരു ആശങ്കക്ക് കൂടി അവസാനം ആയിരിക്കുകയാണ്. ജീസസ് ജിമിനസ് ഇന്ത്യയിൽ എത്താൻ വൈകിയതോടെ, അദ്ദേഹത്തിന് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരങ്ങൾ നഷ്ടമാകുമോ എന്ന സംശയം ആരാധകർക്ക് ഉണ്ടായിരുന്നു. എന്നാൽ, സെപ്റ്റംബർ 15-ന് നമുക്ക് കാണാം എന്ന് ജീസസ് ജിമിനസ് പറഞ്ഞതോടെ, പഞ്ചാബിനെതിരായ ആദ്യ ഐഎസ്എൽ മത്സരം മുതൽ താരം ലഭ്യമാകും എന്ന കാര്യം വ്യക്തമായി.
മേജർ ലീഗ് സോക്കർ, പോളിഷ് ടോപ് ലീഗ്, സൂപ്പർ ലീഗ് ഗ്രീസ്, സ്പാനിഷ് തേർഡ് ഡിവിഷൻ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കളിച്ച അനുഭവ സമ്പത്തുമായി ആണ് 30-കാരനായ ജീസസ് ജിമിനസ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിരിക്കുന്നത്. ട്രാൻസ്ഫർമാർക്കറ്റ് മീഡിയ റിപ്പോർട്ട് ചെയ്തത് പ്രകാരം, ഐഎസ്എൽ 2024/25 സീസണിലെ ഏറ്റവും മൂല്യം ഏറിയ കളിക്കാരുടെ പട്ടികയിൽ മൂന്നാമനാണ് ജീസസ് ജിമിനസ്.