ഞായറാഴ്ച ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ പഞ്ചാബ് എഫ്‌സിക്കെതിരായ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2024-25 മത്സരത്തിനിടെ കേരള ബ്ലാസ്റ്റേഴ്‌സ് ഒമ്പത് പേരായി ചുരുങ്ങിയെങ്കിലും ഒരു ഗോളിന്റെ മിക്ചഖ വിജയം നേടാൻ സാധിച്ചിരുന്നു. ആദ്യ പകുതിയിൽ നോഹ സദൗയി പെനാൽറ്റിയിൽ നിന്നും നേടിയ ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം.
രണ്ടാം പകുതിയിൽ രണ്ടു താരങ്ങൾ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയെങ്കിലും അവസാന വരെ പൊരുതിയ ബ്ലാസ്റ്റേഴ്‌സ് പഞ്ചാബിനെതിരെ വിജയം നേടിയെടുത്തു.രണ്ട് ചുവപ്പ് കാർഡ് കണ്ട ശേഷം ഐഎസ്എല്ലിൽ ജയം കണ്ടെത്തുന്ന മൂന്നാമത്തെ മാത്രം ടീമായി കേരള ബ്ലാസ്റ്റേഴ്‌സ് മാറി. ഒപ്പം 2024 വർഷത്തിലെ അടക്കം ലീഗിലെ അവസാനത്തെ 14 എവേ മത്സരങ്ങളിലും ക്ലീൻ ഷീറ്റ് കണ്ടെത്താൻ സാധിക്കാതിരുന്ന ടീം ഇത്തവണ ആ നേട്ടവും കണ്ടെത്തി. പ്രതിരോധ്യത്തിൽ ടീം കണ്ടെത്തിയ ഒത്തൊരുമ ഭാവിയിലെ മത്സരങ്ങളിൽ ക്ലബിന് നിർണായകമാണ്.
ഇടക്കാല പരിശീലകൻ ടിജി പുരുഷോത്തമന്റെ കീഴിൽ ഇന്ന് കണ്ടത്തിയ ജയം, ക്ലബ്ബിന്റെ പ്ലേ ഓഫിലേക്കുള്ള ദൂരം മൂന്ന് പോയിന്റുകളായി കുറച്ചിട്ടുണ്ട്. ഐഎസ്എൽ 2023-24 സീസണിൽ ഈസ്റ്റ് ബംഗാളിനെതിരായ ഹോം മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സിന് അവസാനമായി ഒരു മത്സരത്തിൽ രണ്ട് ചുവപ്പ് കാർഡ് ലഭിച്ചത്. ഈസ്റ്റ് ബംഗാൾ എഫ്‌സി ഒമ്പതംഗ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ 4-2 ന് ജയം ഉറപ്പിച്ചു. പഞ്ചാബിനെതിരെയുള്ള മത്സരത്തിന്റെ 58-ാം മിനിറ്റിൽ ലിയോൺ അഗസ്റ്റിനെ ഫൗൾ ചെയ്തതിനു ഡിഫൻഡർ മിലോസ് ഡ്രിൻസിച്ച് ചുവപ്പ് കാർഡ് കണ്ട് പുറത്തായി.നിശ്ചിത സമയത്തിൻ്റെ നാലിലൊന്ന് മാത്രം ബാക്കിനിൽക്കെ ഐബൻഭ ഡോഹ്‌ലിംഗ് നേരിട്ടുള്ള ചുവപ്പ് കാണിച്ചതിനെത്തുടർന്ന് ബ്ലാസ്റ്റേഴ്‌സ് ഒമ്പത് പേരായി ചുരുങ്ങി.
“പ്രതിരോധത്തിൽ അച്ചടക്കം പാലിക്കപ്പെട്ടില്ലെങ്കിലും ഒരു ക്ലീൻ ഷീറ്റ് നേടാൻ ഞങ്ങൾക്ക് കഴിഞ്ഞത് ഭാഗ്യം കൊണ്ടാണ്. ചുവപ്പ് കാർഡുകൾ ചിലപ്പോൾ സംഭവിക്കും – ഞാൻ കുറ്റപ്പെടുത്തുകയോ ആർക്കുനേരെയും വിരൽ ചൂണ്ടുകയോ ചെയ്യുന്നില്ല. അങ്ങനെ സംഭവിച്ചാൽ, അത് ടീമിനും ഓരോ വ്യക്തിക്കുമുള്ളതാണ്. അത്തരം പ്രതിസന്ധികളെ ഒരുമിച്ച് തരണം ചെയ്യേണ്ടത് ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് എനിക്കും ഞങ്ങൾക്കും ഏറ്റവും പ്രധാനമാണ്” ചുവപ്പ് കാർഡിനെക്കുറിച്ച് ടിജി പുരുഷത്തമൻ പറഞ്ഞു.