ട്രാൻസ്ഫർ രംഗത്ത് ഇപ്പോഴും സജീവമായ ഇടപെടലാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിക്കൊണ്ടിരിക്കുന്നത്.പ്രധാനമായും ഒരു വിദേശ ഫോർവേഡിനെ ആണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും ഏറ്റവും ഉയർന്ന ഗോൾ വേട്ടക്കാരൻ ആയ ദിമിത്രിയോസ് ഡയമന്റകോസ് ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയതോടെ, ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരയിൽ വന്ന വിടവ് നികത്താനാണ് ഇപ്പോൾ ശ്രമിക്കുന്നത്. യൂറോപ്പിൽ നിന്ന് ഒരു പ്രമുഖ സ്ട്രൈക്കറെ കൊണ്ടുവരാനാണ് കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത് എന്ന വാർത്തകൾ വരുന്നത്.
പല ഐഎസ്എൽ ക്ലബ്ബുകളും അവരുടെ വിദേശ താരങ്ങളുടെ കോട്ട പൂർത്തിയാക്കിയെങ്കിലും, കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോഴും ഔദ്യോഗികമായി അവരുടെ വിദേശ താരങ്ങളുടെ കോട്ട പൂർത്തിയാക്കിയിട്ടില്ല. നിലവിൽ ആറ് വിദേശ താരങ്ങൾക്ക് കേരള ബ്ലാസ്റ്റേഴ്സ് കോൺട്രാക്ട് ഉണ്ടെങ്കിലും, ഓസ്ട്രേലിയൻ സ്ട്രൈക്കർ ജോഷ്വ സോട്ടീരിയ, ഘാന ഫോർവേഡ് ക്വാമി പെപ്ര എന്നിവരെ അവരുടെ പ്രീ സീസൺ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും ടീമിൽ നിലനിർത്തുക എന്ന് മാനേജ്മെന്റ് നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു.
പരിശീലകൻ മൈക്കിൾ സ്റ്റാറെ ആയിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പ്രീ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത ക്വാമി പെപ്ര, ഡ്യുറണ്ട് കപ്പിലെ ആദ്യ മത്സരത്തിൽ രണ്ട് ഗോളുകൾ സ്കോർ ചെയ്തിരുന്നു. അതേസമയം, ജോഷ്വ സൊറ്റീരിയോ ഇപ്പോഴും പരിക്കിന്റെ പിടിയിലാണ്. ഈ സാഹചര്യത്തിൽ ഓസ്ട്രേലിയൻ താരത്തിന്റെ കോൺട്രാക്ട് കേരള ബ്ലാസ്റ്റേഴ്സ് അവസാനിപ്പിക്കാനാണ് സാധ്യത. മാത്രമല്ല, യൂറോപ്പിൽ നിന്ന് ഒരു സ്ട്രൈക്കറെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ പരിശ്രമിക്കുന്നു എന്ന് നിലവിൽ റിപ്പോർട്ടുകൾ ഉണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ നിരവധി പേരുകൾ പറഞ്ഞു കേൾക്കുന്നുണ്ട്. അവയിൽ ഒരാളാണ് റൊമാനിയൻ സ്ട്രൈക്കർ ജോർജ് പുഷ്കാസ്. 28-കാരനായ താരം നിലവിൽ ഇറ്റാലിയൻ ക്ലബ്ബ് ജിനോവയുടെ ഭാഗമാണ്. കഴിഞ്ഞ സീസണിൽ ലോൺ അടിസ്ഥാനത്തിൽ ഇറ്റാലിയൻ സെക്കൻഡ് ഡിവിഷൻ ക്ലബ്ബ് ആയ ബാരിക്ക് വേണ്ടി കളിച്ച ജോർജ് പുഷ്കാസ്, 17 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകൾ സ്കോർ ചെയ്തിട്ടുണ്ട്.
2018 മുതൽ റൊമാനിയൻ ദേശീയ ടീമിന്റെ ഭാഗമായ താരം, 44 മത്സരങ്ങളിൽ നിന്ന് 11 ഗോളുകൾ ആണ് സ്കോർ ചെയ്തിട്ടുള്ളത്. നേരത്തെ ഇന്റർ മിലാന് വേണ്ടി കളിച്ചിട്ടുള്ള താരത്തെ, ലോൺ അടിസ്ഥാനത്തിൽ എത്തിക്കാനുള്ള ശ്രമമാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.