വ്യാഴാഴ്ച കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐഎസ്എൽ പോരാട്ടത്തിൽ ഹൈദെരാബാദിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ തോൽവിയാണു കേരള ബ്ലാസ്റ്റേഴ്‌സ് ഏറ്റുവാങ്ങിയത്. ബ്ലാസ്റ്റേഴ്സിന്റെ ലീഗിലെ തുടർച്ചയായ മൂന്നാം തോൽവി ആയിരുന്നു ഇത്.
ഹോം സ്റ്റേഡിയത്തിൽ എല്ലാ കാലത്തും മികച്ച പ്രകടനം പുറത്തെടുക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ പ്രകടനം അത്ര മികച്ചതല്ല. കൊച്ചിയിൽ നാല് മത്സരങ്ങൾ കളിച്ച ബ്ലാസ്റ്റേഴ്‌സ് മൂന്നു മത്സരങ്ങളിൽ തോറ്റപ്പോൾ ഒന്നിൽ മാത്രമാണ് ജയിക്കാൻ സാധിച്ചത്. ഹോം സ്റ്റേഡിയത്തിൽ തുടർച്ചയായ മൂന്നു മത്സരങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്.തുടർച്ചയായ മൂന്നാം തോൽവി ഏറ്റുവാങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് 2024-25 സീസൺ ഐ എസ് എല്ലിന്റെ പോയിന്റ് പട്ടികയിൽ ഇപ്പോൾ പത്താം സ്ഥാനത്താണ്.
എട്ട് കളികളിൽ രണ്ട് ജയവും രണ്ട് സമനിലകളും നാല് തോൽവികളുമാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. ലീഗിൽ ആർക്കും തോല്പിക്കാവുന്ന ടീമായി ബ്ലാസ്റ്റേഴ്‌സ് മാറുകയും ചെയ്തു. ഈ സീസണിൽ കളിച്ച എല്ലാ മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സ് ഗോൾ നേടുകയും ചെയ്തു.ഗോളടിച്ചാൽ മാത്രം പോരാ, അടിപ്പിക്കാതെയും നോക്കണം എന്ന തത്വം ബ്ലാസ്റ്റേഴ്‌സ് മറന്നു പോവുകയാണ്.മുന്നിൽ ഹെസൂസും സദൂയിയും ഗോൾ അടിക്കാനുണ്ട് എന്നതു കൊണ്ട് മാത്രം ടീമിന് മുന്നോട്ടു പോകാനാകില്ല. എട്ടു മത്സരങ്ങളിൽ ഒരു ഇന്ത്യൻ താരത്തിനും ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടാൻ സാധിച്ചിട്ടില്ല.
ജയിക്കാൻ സാധിക്കുമായിരുന്ന പല മത്സരങ്ങളും അനാവശ്യ പെനാൽറ്റി വഴങ്ങിയും കളിക്കാരുടെ പിഴവുകൾ കൊണ്ടും കയ്യിൽ നിന്നും പോയി. പരിശീലകന്റെ തന്ത്രങ്ങൾ മൈതാനത്ത് നടപ്പിലാക്കാൻ കളിക്കാർക്ക് സാധിക്കുന്നില്ല.പ്രധാന താരങ്ങളുടെ പരിക്കുകളും, സസ്പെൻഷനും, റഫറിയിങ് പിഴവുകളുമെല്ലാം കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി എന്നത് സത്യംതന്നെ, എന്നാൽ അപ്പോളും ടീമിന്റെ പ്രകടനം ശരാശരിക്കും താഴെയായിരുന്നു എന്നത് എടുത്തു പറയണം.
ഈ മാസം 24 ന് നടക്കാനിരിക്കുന്ന അടുത്ത കളിയിൽ ചെന്നൈയിൻ എഫ് സിയാണ് മഞ്ഞപ്പടയുടെ എതിരാളികൾ. ഇടവേളക്ക് ശേഷം മടങ്ങി എത്തുമ്പോൾ പുതിയ ബ്ലാസ്‌റ്റേഴ്‌സിനെ കാണാം എന്ന പ്രതീക്ഷയിലാണ് ആരാധകർ.