കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ ബെംഗളൂരു എഫ്സിക്കെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ തോൽവിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഏറ്റുവാങ്ങിയത്. പരാജയത്തിൽ പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഹെഡ് കോച്ച് മൈക്കൽ സ്റ്റാഹ്രെ അതൃപ്തി പ്രകടിപ്പിച്ചു.
കേരള തങ്ങളുടെ അവസാന 17 ഐഎസ്എൽ ഗെയിമുകളിൽ ക്ലീൻ ഷീറ്റ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു, ഇത് ലീഗിലെ ഏത് ടീമിൻ്റെയും ഏറ്റവും ദൈർഘ്യമേറിയ സജീവ സ്ട്രീക്കാണ്. ആദ്യ പകുതിയിൽ പ്രീതം കോട്ടാലിൻ്റെ പിഴവിൽ നിന്നും മുൻ ബ്ലാസ്റ്റേഴ്സ് ഫോർവേഡ് ജോർജ് പെരേയ ഡയസ് ഗോൾ നേടി. എന്നാൽ ബ്ലാസ്റ്റേഴ്സിനായി സ്പാനിഷ് ഫോർവേഡ് ജീസസ് ജിമെനെസ് സ്പോട്ട് കിക്കിൽ നിന്ന് സമനില ഗോൾ നേടി.രണ്ടാം പകുതിയിൽ സൂപ്പർ-സബ് എഡ്ഗർ മെൻഡസ് ഇരട്ട ഗോളുകൾ നേടി ബെംഗളുരുവിന്റെ വിജയം ഉറപ്പിച്ചു.2024-25 സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ണ്ടാമത്തെ ഹോം തോൽവി ഏറ്റുവാങ്ങി.
“ഞാൻ വളരെ നിരാശനാണ്. ലോകോത്തര നിലവാരമുള്ള, വളരെയധികം ഊർജ്ജമുള്ള, നിറഞ്ഞ കാണികൾക്ക് മുന്നിലാണ് ഞങ്ങളിന്ന് കളിച്ചത്. തന്ത്രങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ സാധിച്ചെന്ന് ഞാൻ കരുതുന്നു. മത്സരത്തിൽ ചിലപ്പോൾ പിഴവുകൾ സംഭവിക്കാം. എന്നാൽ, ഇത്തരത്തിലുള്ള ഗുരുതരമായ പിഴവുകൾ സംഭവിക്കുന്നത് അപൂർവമാണ്” മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ സ്റ്റാഹ്രെ പറഞ്ഞു.
വ്യക്തിഗത പിഴവുകളിൽ നിന്ന് തൻ്റെ ടീം ഗോൾ വഴങ്ങിയതിലുള്ള അതൃപ്തി സ്വീഡിഷ് ഹെഡ് കോച്ച് പങ്കുവെച്ചു. “ആദ്യം വഴങ്ങിയ ഗോൾ. ശേഷം ഞങ്ങൾ തിരിച്ചു വന്നു. ഞങ്ങൾ കൂടുതൽ മുന്നേറി, അടുത്തതിലേക്ക് അടുക്കുമ്പോഴേക്കും ആ ഗോൾ വഴങ്ങി. അത് ഞങ്ങളുടെ ഊർജം അവസാനിപ്പിച്ചു. സമനില പിടിക്കാനായി ഞങ്ങൾ കിണഞ്ഞു ശ്രമിച്ചു. അവസാനത്തെ ഗോൾ വന്നത്, ഞങ്ങൾ ഒരുപക്ഷെ ആക്രമണത്തിലേക്ക് കൂടുതൽ ആളുകളെ എത്തിച്ചതിനാലാകാം. മൂന്നാമത്തേത് ഞാൻ കാര്യമായി എടുക്കുന്നില്ല, ആദ്യത്തെ രണ്ടെണ്ണം വലിയ പിഴവുകളിൽ നിന്നുമായിരുന്നു. പക്ഷെ, ഇത് ഫുട്ബോളാണ് ” അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നിരുന്നാലും, കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഹെഡ് കോച്ച് തൻ്റെ കളിക്കാരുടെ നിർണായക പിഴവുകൾക്ക് അവരെ കുറ്റപ്പെടുത്താൻ ആഗ്രഹിച്ചില്ല. പരസ്പരം ഒപ്പം നിൽക്കാനും ഒരു ടീമെന്ന നിലയിൽ തിരിച്ചടികൾ വിശകലനം ചെയ്ത് കാര്യങ്ങൾ അവർക്ക് അനുകൂലമാക്കാനും സ്റ്റാഹ്രെ തൻ്റെ കളിക്കാരോട് അഭ്യർത്ഥിച്ചു.“ഒരു നേതാവെന്ന നിലയിൽ, ഒരു പരിശീലകനെന്ന നിലയിൽ ഇത് എനിക്ക് വളരെ പ്രധാനമാണ്.ഞങ്ങൾ ഒരു ടീമാണ്. അപ്പോൾ എല്ലാവർക്കും അത് കാണാൻ കഴിയും. സർക്കിളിൽ കളി കഴിഞ്ഞ് ഞങ്ങളും നേരെ സംസാരിച്ചു. ഞങ്ങൾ പരസ്പരം പിന്തുണയ്ക്കണം, ”അദ്ദേഹം പറഞ്ഞു.