കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഇന്ന് കൂടുതൽ തിരഞ്ഞുകൊണ്ടിരിക്കുന്നത് തങ്ങളുടെ പുതിയ താരമായ അലക്സാണ്ടർ കോഫിന്റെ ഭൂതകാല വിശേഷങ്ങൾ ആണ്. 32-കാരനായ ഫ്രാൻസ് ഡിഫൻഡർ, തന്റെ 14 വർഷം നീണ്ടുനിൽക്കുന്ന സീനിയർ കരിയറിൽ ലാലിഗ, ലീഗ് 1 തുടങ്ങിയ യൂറോപ്പിലെ പ്രധാന ലീഗുകളിൽ എല്ലാം കളിച്ചിട്ടുണ്ട്. ഫുട്ബോൾ ലോകത്തെ നിരവധി പ്രമുഖ താരങ്ങൾക്ക്
ഒപ്പവും അവർക്ക് എതിരായും അലക്സാണ്ടർ കോഫ് കളിച്ചിട്ടുണ്ട്. 2010-ൽ ഫ്രഞ്ച് ക്ലബ്ബ് ലെൻസിലൂടെ സീനിയർ കരിയർ ആരംഭിച്ച അലക്സാണ്ടർ കോഫ്, 2013-ൽ 5 വർഷത്തെ കരാറിൽ ഇറ്റാലിയൻ ക്ലബ് ഉഡിനെസിയിൽ എത്തി. എന്നാൽ, ഒരു മത്സരം പോലും ഇറ്റാലിയൻ ക്ലബ്ബിനുവേണ്ടി താരം കളിച്ചിട്ടില്ല. ഇറ്റാലിയൻ ക്ലബ്ബ് കോഫിന്റെ സൈനിങ് പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസം, അദ്ദേഹം സ്പാനിഷ് ക്ലബ്ബായ ഗ്രാനഡയിൽ ലോൺ അടിസ്ഥാനത്തിൽ ജോയിൻ ചെയ്തു.
2013-14 സീസണിൽ ഗ്രാനഡക്ക് വേണ്ടി 14 മത്സരങ്ങൾ കളിച്ച അലക്സാണ്ടർ കോഫ്, ലാലിഗയിൽ അന്ന് തിളങ്ങി നിന്നിരുന്ന റിയൽ മാഡ്രിഡ് ഇതിഹാസം ക്രിസ്ത്യാനോ റൊണാൾഡോക്ക് എതിരെയും കളിച്ചിട്ടുണ്ട്. റിയൽ മാഡ്രിഡ്, ബാഴ്സലോണ തുടങ്ങിയ സൂപ്പർ സ്പാനിഷ് ടീമുകൾക്ക് എതിരെ എല്ലാം കളിച്ച അനുഭവ പരിചയവുമായി ആണ് ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് അലക്സാണ്ടർ കോഫ് എത്തുന്നത്. തീർച്ചയായും അദ്ദേഹത്തിന്റെ പ്രകടനം മികവും,
അനുഭവ സമ്പത്തും കേരള ബ്ലാസ്റ്റേഴ്സിന് ഒരു മുതൽക്കൂട്ടാകും എന്ന കാര്യത്തിൽ സംശയമില്ല. സെന്റർ ബാക്ക് പൊസിഷനിൽ പുറമേ ഡിഫൻസീവ് മിഡ്ഫീൽഡർ, റൈറ്റ് ബാക്ക് എന്നീ പൊസിഷനുകളിലും അലക്സാണ്ടർ കോഫിന് കളിക്കാൻ ആകും എന്നത് കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ബോണസ് ഘടകങ്ങൾ ആണ്. തീർച്ചയായും താരത്തിന് വരും സീസണിൽ ബ്ലാസ്റ്റേഴ്സ് ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ ആകട്ടെ എന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്.