കേരള ബ്ലാസ്റ്റേഴ്‌സ് ഡിഫൻഡർ പ്രീതം കോട്ടൽ തിരികെ മോഹൻ ബഗാനിലേക്ക്? | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് 2025-26 സീസൺ ആരംഭിക്കാനിരിക്കെ ഇന്ത്യൻ ട്രാൻസ്ഫർ ലോകത്ത് വലിയ ചർച്ചകളാണ് നടന്നു കൊണ്ടിരിക്കുന്നത്. പുതിയ സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് നിരവധി വിദേശ താരങ്ങളെയും ഇന്ത്യൻ താരങ്ങളെയും ടീമിൽ എടുത്തിട്ടുണ്ട്.

ഡിഫൻഡർ പ്രീതം കോട്ടൽ ക്ലബ്‌ വിടുമെന്ന അഭ്യൂഹം നേരത്തെ ഉണ്ടായിരുന്നെങ്കിലും, പിന്നീട് താരത്തെ ഡ്യുറണ്ട് കപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തിയതോടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശ്വാസം ഉണ്ടായിരുന്നു. എന്നാൽ, വീണ്ടും ഇതുമായി ബന്ധപ്പെട്ട് പുതിയ അപ്ഡേറ്റുകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. 2023-ലാണ് ഇന്ത്യൻ സൂപ്പർ ലീഗിലെ പരിചയസമ്പന്നനായ താരത്തെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തത്. 2026 വരെ നീണ്ടുനിൽക്കുന്ന 3 വർഷത്തെ കോൺട്രാക്ടിൽ ആണ് പ്രീതം കോട്ടൽ ഒപ്പുവെച്ചത്.

അന്നത്തെ മോഹൻ ബഗാൻ ക്യാപ്റ്റനെ സ്വന്തമാക്കാൻ, കേരള ബ്ലാസ്റ്റേഴ്സ് പകരം നൽകിയത് സഹൽ അബ്ദുൽ സമദിനെ ആയിരുന്നു. എന്നാൽ, ടീമിനൊപ്പം ഉള്ള ആദ്യ സീസണിൽ പ്രീതം കോട്ടലിന് പ്രതീക്ഷകൾക്കൊത്ത് ഉയരാൻ സാധിച്ചില്ല. ഇപ്പോൾ, പ്രീതം കോട്ടൽ മോഹൻ ബഗാനിലേക്ക് തന്നെ തിരികെ പോകും എന്നാണ് റൂമറുകൾ പ്രചരിക്കുന്നത്. മോഹൻ ബഗാൻ തങ്ങളുടെ മുൻ ക്യാപ്റ്റനെ സ്വീകരിക്കാൻ തയ്യാറാണ് എന്ന് വിവിധ സോഴ്സുകളിൽ നിന്ന് റിപ്പോർട്ടുകൾ ലഭ്യമാകുന്നു.

എന്നാൽ, കേരള ബ്ലാസ്റ്റേഴ്സ് ഈ ട്രാൻസ്ഫർ നടക്കാനായി മുന്നോട്ടുവെക്കുന്ന ഉപാധിയാണ് മോഹൻ ബഗാനെ ആശയക്കുഴപ്പത്തിൽ ആക്കുന്നത്. ഒരിക്കൽ തങ്ങളുടെ ഏറ്റവും പ്രധാന താരത്തെ മോഹൻ ബഗാൻ കൊണ്ടുപോയ തന്ത്രമാണ്, ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് തിരിച്ച് പയറ്റുന്നത്. മോഹൻ ബഗാൻ മിഡ്ഫീൽഡർ ദീപക് ടാൻഗ്രിയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് ആദ്യം ആവശ്യപ്പെട്ടത്. എന്നാൽ മോഹൻ ബഗാൻ ഇത് തീർത്തും നിരസിക്കുന്ന സാഹചര്യം ആണ് ഉണ്ടായത്.

ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് രണ്ട് യുവ ഇന്ത്യൻ താരങ്ങളെ ആണ് പ്രീതം കോട്ടലിന് പകരമായി മോഹൻ ബഗാനോട് ആവശ്യപ്പെട്ടിരിക്കുന്നത് എന്ന് ബംഗാൾ ഫുട്ബോൾ അടിസ്ഥാനമാക്കിയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇക്കാര്യം മോഹൻ ബഗാൻ പരിഗണിക്കുകയാണ് എന്നും, മോഹൻ ബഗാൻ ഡീൽ അംഗീകരിച്ചേക്കും എന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു.

kerala blasters
Comments (0)
Add Comment