ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ കൊച്ചിയിൽ നടന്ന ദക്ഷിണേന്ത്യൻ ഡെർബിയിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് ബംഗളൂരു നേടിയത്. ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ പിഴവിൽ നിന്നാണ് ബെംഗളൂരു ആദ്യ രണ്ടു ഗോളുകളും നേടിയത്.ബംഗളൂരുവിനായി എഡ്ഗർ മെൻഡസ് ഇരട്ട ഗോളുകൾ നേടി.
മൊറോക്കൻ താരം നോഹ സദോയി ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നലെ കളിച്ചത്. താരത്തിന്റെ അഭാവം മത്സരത്തിൽ പ്രകടമായിരുന്നു.താരത്തിന് പരിക്കാണെന്നും എന്നാൽ സ്ഥിതി ഗുരുതരമല്ലെന്നും ഉടൻ തിരിച്ചുവരുമെന്നും ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മിക്കേൽ സ്റ്റാറെ മത്സരത്തിന് ശേഷം പറഞ്ഞു.മെഡിക്കൽ ടീമിന്റെ നിർദേശം കണക്കിലെടുത്താണ് അദ്ദേഹത്തെ ഇറക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“അദ്ദേഹത്തിന് പരിക്കുണ്ട്. പക്ഷെ, ഗുരുതരമല്ല. ഉടൻ തിരിച്ചു വരും. കളിക്കാൻ സാധിക്കില്ലെന്ന് മെഡിക്കൽ ടീമിന്റെ വിലയിരുത്തലുണ്ടായി. അതിനാലാണ്, നിർഭാഗ്യവശാൽ അദ്ദേഹത്തിന് കളിക്കാൻ സാധിക്കാതെ പോയത്. സാഹചര്യം ഞങ്ങൾ നന്നായി കൈകാര്യം ചെയ്‌തെന്ന് കരുതുന്നു. പക്ഷെ, ലീഗിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളെ നഷ്ടപ്പെടുന്നത്, കനത്ത നഷ്ടമാണ്. അദ്ദേഹത്തെ ഞങ്ങൾ കളിക്കളത്തിൽ ഒരുപാട് മിസ് ചെയ്തു” ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ.
നോഹക്ക് പകരം ആദ്യ ഇലവനിൽ ഇടം കണ്ടെത്തിയ പെപ്ര ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനമാണ് നടത്തിയത്. രണ്ടാം പകുതിയിൽ മികച്ച അവസരങ്ങൾ ഉണ്ടാക്കുകയും ചെയ്തു.