ഇന്ത്യൻ സൂപ്പർ ലീഗ് ടീം ഓഫ് ദി വീക്ക് , മികച്ച പരിശീലകൻ ടിജി പുരുഷോത്തമൻ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് 2024/25 സീസൺ 17-ാം മത്സരവാരം അവസാനിച്ചതിന് പിന്നാലെ, കഴിഞ്ഞ ആഴ്ചയിലെ മികച്ച ടീം തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ടീം ഓഫ് ദി വീക്ക് മാച്ച് വീക്ക് 17-ൽ ഒന്നിലധികം കേരള ബ്ലാസ്റ്റേഴ്സ് സാന്നിധ്യങ്ങൾ ഉണ്ടായത് ശ്രദ്ധേയമായി. കഴിഞ്ഞ വാരം രണ്ട് മത്സരങ്ങൾ കളിച്ച കേരള ബ്ലാസ്റ്റേഴ്സ്, ഒരു വിജയവും ഒരു സമനിലയും ആണ് നേടിയത്. ഈ പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ മികച്ച പരിശീലകനും കേരള ബ്ലാസ്റ്റേഴ്സിന്റേതായി.

17-ാം ഐഎസ്എൽ മത്സര വാരത്തിലെ മികച്ച കളിക്കാരെ തിരഞ്ഞെടുത്തപ്പോൾ, ഗോൾകീപ്പർ ആയി ഗോവയുടെ ഹൃതിക് തിവാരി തിരഞ്ഞെടുക്കപ്പെട്ടു. പ്രതിരോധം നിരയിലും സന്ദേശ് ജിങ്കനിലൂടെ ഗോവയുടെ സാന്നിധ്യം ഉണ്ടായി. അവരോടൊപ്പം, കഴിഞ്ഞ മത്സരത്തിൽ ഒരു ഗംഭീര ഗോൾ നേടിയ ജംഷഡ്പൂരിന്റെ സ്റ്റീഫൻ എസെ, മോഹൻ ബഗാന്റെ സുഭാഷിഷ് ബോസ്, പഞ്ചാബിന്റെ അഭിഷേക് സിംഗ് എന്നിവർ ടീമിൽ ഉൾപ്പെട്ടു. സുഭാഷിഷ് ബോസ് ആണ് ടീമിന്റെ ക്യാപ്റ്റൻ.

മിഡ്‌ഫീൽഡിലേക്ക് വരുമ്പോൾ, ഗോവയുടെ യുവതാരം ബ്രൈസൺ ഫെർണാണ്ടസ്, ജംഷെഡ്പൂരിന്റെ ഹാവി ഹെർണാണ്ടസ്, ചെന്നൈയിന്റെ കൊണോർ ഷീൽഡ്സ് എന്നിവർ സ്ഥാനം കണ്ടെത്തി. മുന്നേറ്റ നിരയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ക്വാമി പെപ്ര ഇടം പിടിച്ചു. കഴിഞ്ഞ വാരം ഒഡിഷക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് നേടിയ 3-2 ന്റെ വിജയത്തിൽ, മത്സരത്തിലെ തന്റെ ടീമിന്റെ ആദ്യ ഗോൾ നേടിയത് പെപ്ര ആയിരുന്നു. പെപ്രയോടൊപ്പം ബംഗളൂരു താരം സുനിൽ ഛേത്രി,

മുഹമ്മദൻസിന്റെ മൻവീർ സിംഗ് എന്നിവരാണ് ടീമിന്റെ മുന്നേറ്റ നിരയിൽ ഇടം കണ്ടെത്തിയത്. കേരള ബ്ലാസ്റ്റേഴ്സിനെ കഴിഞ്ഞ മത്സരങ്ങളിൽ എല്ലാം പോയിന്റ് നേടുന്നതിലേക്ക് നയിച്ച പരിശീലകൻ ടിജി പുരുഷോത്തമനെ ആണ് ഐഎസ്എൽ 17-ാം വാരത്തിലെ ടീം ഓഫ് ദി വീക്ക്-ന്റെ പരിശീലകനായി തിരഞ്ഞെടുത്തിരിക്കുന്നത്. ടി ജി പുരുഷോത്തമന് കീഴിൽ കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ കളിച്ച 5 മത്സരങ്ങളിൽ, മൂന്ന് വിജയങ്ങളും ഒരു സമനിലയും ടീമിന് നേടാനായി.

kerala blasters
Comments (0)
Add Comment