ഖത്തർ ലോകകപ്പിൽ അർജന്റീനക്കു വേണ്ടി താരമായ കളിക്കാരനാണ് ഹൂലിയൻ അൽവാരസ്. സ്കലോണിയുടെ പദ്ധതികളിൽ പ്രധാനിയായിരുന്നു ലൗറ്റാറോ മാർട്ടിനസിനു ഫോം കണ്ടെത്താതെ വന്നപ്പോൾ അവസരത്തിനൊത്തുയർന്ന താരം മികച്ച പ്രകടനം നടത്തി അർജന്റീനയെ ജേതാക്കളാക്കാൻ സഹായിച്ചു. നാല് ഗോളുകളാണ് താരം ടൂർണമെന്റിൽ നേടിയത്. ലയണൽ മെസി കഴിഞ്ഞാൽ അർജന്റീനക്കായി ഏറ്റവുമധികം ഗോളുകൾ നേടിയ അൽവാരസ് തന്റെ പ്രകടനം കൊണ്ട് ഏവരുടെയും ശ്രദ്ധ കവർന്നു.
ഈ സീസണിന്റെ തുടക്കത്തിലാണ് അർജന്റീനിയൻ ക്ലബായ റിവർപ്ലേറ്റിൽ നിന്നും അൽവാരസ് മാഞ്ചസ്റ്റർ സിറ്റിയിലെത്തുന്നത്. ഹാലാൻഡിന് പിറകിൽ സ്ട്രൈക്കർ പൊസിഷനിൽ രണ്ടാം സ്ഥാനക്കാരനായി മാറിയെങ്കിലും മികച്ച പ്രകടനം നടത്തി ഏവരുടെയും മനസു കവരുന്ന അൽവാരസിനു പിന്നാലെ മറ്റൊരു അർജന്റീന താരത്തെ കൂടി ടീമിലെത്തിക്കാൻ ശ്രമിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി. അർജന്റീനയിലെ ക്ലബായ വെലസ് സാർസ്ഫീൽഡിന്റെ മധ്യനിര താരമായ മാക്സിമോ പെറോണിനെയാണ് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കാൻ ശ്രമം നടത്തുന്നത്.
അടുത്ത് നടക്കാനിരിക്കുന്ന അണ്ടർ 20 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ അർജന്റീനക്കായി കളിക്കാനിറങ്ങുന്ന താരം അതിനു ശേഷം യൂറോപ്പിലേക്ക് ചേക്കേറുമെന്നാണ് റിപ്പോർട്ടുകൾ. മാഞ്ചസ്റ്റർ സിറ്റിക്കു പുറമെ പ്രീമിയർ ലീഗ് ക്ലബുകളായ വോൾവ്സ്, ന്യൂകാസിൽ എന്നിവരും പോർച്ചുഗീസ് ക്ലബായ ബെൻഫിക്കയും താരത്തിനായി ശ്രമം നടത്തുന്നുണ്ട്. എന്നാൽ പത്തൊൻപതുകാരനായ താരത്തിനായുള്ള പോരാട്ടത്തിൽ ചെൽസി തന്നെ വിജയം കാണുമെന്നാണ് കരുതേണ്ടത്.
In the next few days, Manchester City will pay the Máximo Perrone (Vélez) clause. Pep Guardiola spoke with Mascherano about the potential of the central midfielder of the Argentina Sub20. [@gonzalezbruno/@FabrizioRomano pic.twitter.com/pLnI17Ovgy
— Albiceleste News 🏆 (@AlbicelesteNews) January 9, 2023
ഏതാണ്ട് ഏഴു മില്യൺ പൗണ്ടോളമാണ് താരത്തിനായി മാഞ്ചസ്റ്റർ സിറ്റി മുടക്കുകയെന്നാണ് റിപ്പോർട്ടുകൾ. മാർച്ചിൽ സീനിയർ ടീമിനായി അരങ്ങേറ്റം കുറിച്ച പെറോൺ കോപ്പ ലിബർട്ടഡോസിൽ നാഷനലിനെതിരെ നടന്ന മത്സരത്തിൽ തന്റെ ആദ്യത്തെ ഗോൾ നേടി. മാർച്ചിൽ ഹാവിയർ മഷറാനോ പരിശീലകനായ അണ്ടർ 20 ടീമിലും അരങ്ങേറ്റം കുറിച്ച താരം ജനുവരി 19 മുതൽ ഫെബ്രുവരി 12 വരെ നടക്കുന്ന അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.