എനിക്ക് ആരോടും ഒന്നും തന്നെ തെളിയിക്കാനില്ല: വിമർശകർക്കെതിരെ തിരിഞ്ഞ് ലിസാൻഡ്രോ
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയം ഏറ്റുവാങ്ങിയിരുന്നു.രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഒന്നാം സ്ഥാനക്കാരായ ആഴ്സണൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ യുണൈറ്റഡ് പ്രതിരോധനിരയിൽ അർജന്റീനയുടെ മിന്നും താരമായ ലിസാൻഡ്രോ മാർട്ടിനസ് സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നു.
മാത്രമല്ല ക്ലബ്ബിന്റെ രണ്ടാം ഗോൾ ഹെഡ്ഡറിലൂടെ നേടിയത് അദ്ദേഹമായിരുന്നു.പക്ഷേ യുണൈറ്റഡ് മൂന്ന് ഗോളുകൾ വഴങ്ങിയത് അദ്ദേഹത്തിന് വിമർശനങ്ങൾ ഏൽക്കാൻ കാരണമായി. പ്രത്യേകിച്ച് ലിസാൻഡ്രോയുടെ ഉയരക്കുറവ് വീണ്ടും ഇന്നലെ ചർച്ചയായിരുന്നു. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുന്ന സമയത്ത് ഇതിനെതിരെ ഈ ഡിഫൻഡർ പ്രതികരിച്ചിട്ടുണ്ട്.
അതായത് തനിക്ക് ആരോടും ഒന്നും തന്നെ തെളിയിക്കാനില്ല എന്നാണ് ലിസാൻഡ്രോ പറഞ്ഞിട്ടുള്ളത്.ശരിയായ രൂപത്തിലുള്ള ക്രിയാത്മകമായ വിമർശനങ്ങൾ നല്ലതാണെന്നും എന്നാൽ ദൗർഭാഗ്യത്തെ വിമർശിക്കുന്നത് ശരിയല്ല എന്നുമാണ് ലിസാൻഡ്രോ പറഞ്ഞിട്ടുള്ളത്.ESPN നോട് സംസാരിക്കുകയായിരുന്നു ഈ അർജന്റീന താരം.
‘ സത്യം പറഞ്ഞാൽ ഈ വിമർശനങ്ങൾ എല്ലാം ഞാൻ ശ്രദ്ധിക്കാറുണ്ട്. പക്ഷേ എനിക്ക് ഇനി ആരോടും ഒന്നും തന്നെ തെളിയിക്കാനില്ല,അതിനുള്ള സമയവുമില്ല. എന്തെങ്കിലും തെളിയിക്കാൻ ഉണ്ടെങ്കിൽ അത് എന്നോട് മാത്രമാണ്.ക്രിയാത്മകമായ വിമർശനങ്ങളെ എപ്പോഴും ഞാൻ സ്വാഗതം ചെയ്യാറുണ്ട്.അത് നമ്മളെ വളരാൻ സഹായിക്കും. പക്ഷേ ദൗർഭാഗ്യത്തെ വിമർശിക്കുന്നത് ഒരിക്കലും ശരിയല്ല.അതുകൊണ്ട് ഈ വിമർശനങ്ങൾ ഒന്നും എന്റെ പ്രശ്നമല്ല.അതിനെ എനിക്ക് നിയന്ത്രിക്കാൻ സാധിക്കുകയുമില്ല’ ഇതാണ് ലിസാൻഡ്രോ മാർട്ടിനസ് പറഞ്ഞിട്ടുള്ളത്.
Lisandro Martínez isn't bothered by criticism about his height 😤 pic.twitter.com/quh89zk7GI
— ESPN FC (@ESPNFC) January 22, 2023
ഒന്നാം സ്ഥാനക്കാരുമായുള്ള പോയിന്റ് അകലം കുറക്കാനുള്ള അവസരമായിരുന്നു ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഉണ്ടായിരുന്നത്. പക്ഷേ ഒരു കടുത്ത പോരാട്ടത്തിനൊടുവിൽ അവർ പരാജയം സമ്മതിക്കുകയായിരുന്നു.ഇനി നോട്ടിങ്ഹാം ഫോറസ്റ്റാണ് യുണൈറ്റഡിന്റെ എതിരാളികൾ.