ഇന്ത്യൻ ക്രിക്കറ്റ് ടീം ആരാധകരെല്ലാം കാത്തിരിക്കുന്ന മത്സരം ഇന്ന് സെൻ്റ് ലൂസിയയിലെ ഗ്രോസ് ഐലറ്റിലെ ഡാരെൻ സമി നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ (രാത്രി 8 മണിക്ക്) നടക്കും. സൂപ്പർ ഏട്ടിലെ വാസന മത്സരത്തിൽ ഇന്ത്യ ഓസ്‌ട്രേലിയയയെ നേരിടും.2024 ടി 20 ലോകകപ്പിൽ നിന്ന് ഓസ്‌ട്രേലിയയെ പുറത്താക്കാനും 2023 ഏകദിന ലോകകപ്പ് ഫൈനലിലെ ഹൃദയഭേദകമായ തോൽവിക്ക് പ്രതികാരം ചെയ്യാനും ഇന്ത്യക്ക് അവസരമുണ്ട്.
സൂപ്പർ ഏട്ടിലെ ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച ഇന്ത്യ ഏറെക്കുറെ സെമി ഫൈനൽ സ്പോട്ട് ഉറപ്പിച്ചാണ് ഇന്നത്തെ മത്സരത്തിൽ കളിക്കാനിറങ്ങുന്നത്.2023 നവംബർ 19-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ 110,000-ത്തോളം വരുന്ന കാണികളെ പാറ്റ് കമ്മിൻസിൻ്റെ ആളുകൾ നിശബ്ദരാക്കായിരുന്നു. ഇതിനു പകരം വീട്ടാനാണ് ഇന്ത്യൻ ഇന്നിറങ്ങുന്നത്.ഓസ്‌ട്രേലിയയെ അഫ്‌ഗാനിസ്ഥാൻ തോല്പിച്ചതോടെ ഗ്രൂപ്പിൽ നിന്ന് ഏതൊക്കെ ടീം സെമിയിലേക്ക് കടക്കും എന്നതിൽ സസ്പെൻസ് ബാക്കിയാവുകയാണ്.
ആദ്യ കളിയിൽ അഫ്‌ഗാനിസ്ഥാനോടും രണ്ടാം കളിയിൽ ബംഗ്ലാദേശിനോടും വിജയിച്ച ഇന്ത്യ ഇതിനകം തന്നെ ഏകദേശം സെമി ഉറപ്പാക്കിയിട്ടുണ്ട്. രണ്ട് കളിയിലും തോറ്റ ബംഗ്ലാദേശ് പുറത്തേക്കുള്ള വഴി ഉറപ്പിച്ചിരിക്കുന്നു. ഓരോ മത്സരം വിജയിച്ച അഫ്ഗാനിസ്ഥാനും ഓസ്‌ട്രേലിയക്കും രണ്ട് പോയിന്റ് വീതമാണുള്ളത്. രണ്ട് പേർക്കും ബാക്കിയുള്ളതാകട്ടെ ഓരോ മത്സരം വീതവും.സെൻ്റ് വിൻസെൻ്റിൽ അഫ്ഗാനിസ്ഥാനെതിരായ ചരിത്ര തോൽവിക്ക് ശേഷം ഓസ്‌ട്രേലിയക്ക് ജയം അനിവാര്യമാണ്. ആൻ്റിഗ്വയിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ മെച്ചപ്പെട്ട നിലയിലാണ്.
ഓസ്‌ട്രേലിയയും അഫ്ഗാനിസ്ഥാനും ജയിച്ചാൽ, മൂന്ന് ടീമുകൾ നാല് പോയിൻ്റുമായി സമനിലയിലാകും, നെറ്റ് റൺറേറ്റ് സ്റ്റാൻഡിംഗ് നിർണ്ണയിക്കും.ഓസ്‌ട്രേലിയയ്‌ക്കെതിരെ ജയിച്ചാൽ അടുത്ത റൗണ്ടിൽ ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കും. ഇന്ത്യയോട് തോറ്റാലും ഓസ്‌ട്രേലിയക്ക് കടന്നുപോകാം. അത് സംഭവിക്കണമെങ്കിൽ, അഫ്ഗാനിസ്ഥാനെ ബംഗ്ലാദേശ് തോൽപിക്കണം.അഫ്ഗാൻ-ബംഗ്ലാദേശ് മത്സരം മഴ കാരണം ഉപേക്ഷിക്കുകയും ആസ്ട്രേലിയ ഇന്ത്യയോട് തോൽക്കുകയും ചെയ്താലും മൂന്ന് പോയനേറാടെ അഫ്ഗാന് സെമിയിലെത്താം.