ഡ്യൂറണ്ട് കപ്പ് പരാജയത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പരിഹസിച്ച് ബംഗളൂരു എഫ്സി | Kerala blasters

ഡ്യുറണ്ട് കപ്പ് 2024-ലെ കേരള ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിന് ക്വാർട്ടർ ഫൈനലിൽ അന്ത്യം ആയിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തിൽ മിന്നും വിജയങ്ങൾ നേടി ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാർട്ടർ ഫൈനലിൽ എത്തിയ കേരള ബ്ലാസ്റ്റേഴ്സ്, ബംഗളൂരു എഫ്സിക്കെതിരെ 1-0 ത്തിന്റെ പരാജയം ആണ് നോക്കൗട്ട് ഘട്ടത്തിൽ ഏറ്റുവാങ്ങിയത്. 90 മിനിറ്റ് പൂർത്തിയായപ്പോഴും ഗോൾ രഹിത സമനിലയിൽ തുടർന്ന മത്സരത്തിന്റെ ഗതി മാറ്റിയത്,

ഇഞ്ചുറി ടൈമിലെ ജോർജെ പെരേര ഡയസിന്റെ ഗോൾ ആണ്. ഡ്യുറണ്ട് കപ്പ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് എക്സ്ട്രാ ടൈം ലഭ്യമല്ല. കളിയുടെ മുഴുവൻ സമയം കഴിഞ്ഞ ശേഷം നേരെ പെനാൽറ്റിയിലേക്ക് പോവുകയാണ് നിയമം. 90 മിനിറ്റും കഴിഞ്ഞതോടെ മത്സരം പെനാൽറ്റിയിൽ കലാശിക്കും എന്ന് പ്രതീക്ഷിച്ചിരിക്കുന്ന വേളയിലാണ്, കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഹൃദയം തകർത്തുകൊണ്ട് മഞ്ഞപ്പടയുടെ മുൻ താരം തന്നെ ആ ഗോൾ നേടിയത് .

കേരള ബ്ലാസ്റ്റേഴ്സ് – ബംഗളൂരു എഫ്സി മത്സരം എക്കാലത്തും ആരാധകർ തമ്മിലുള്ള വൈരത്തിന്റെ കൂടി അംഗമായി മാറാറുണ്ട്. ഇത് ഇരു ടീമുകളുടെയും സോഷ്യൽ മീഡിയ വിങ് ഏറ്റെടുക്കാറുമുണ്ട്. ഇത്തവണയും ബംഗളൂരു ആ പതിവ് തെറ്റിച്ചില്ല. കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയതിന് പിന്നാലെ, സോഷ്യൽ മീഡിയയിൽ അവരുടെ ഔദ്യോഗിക ഹാൻഡിലിൽ പരിഹാസം അഴിച്ചു വിടുകയാണ്. കേരള ബ്ലാസ്റ്റേഴ്സിനെയും മഞ്ഞപ്പട ആരാധകരെയും ബംഗളൂരു പരിഹസിക്കുന്നത് ഇന്നും തുടരുന്നു. “ബംഗളൂരു, ഹാപ്പി അല്ലെ” എന്ന ക്യാപ്ഷനോടുകൂടിയാണ് വിന്നിംഗ് സ്കോർകാർഡ് ബ്ലൂസ് പങ്കുവെച്ചത്.

ഇതിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ മത്സരത്തിന് മുന്നേ പങ്കുവെച്ച പ്രതീക്ഷ നിറഞ്ഞ കമന്റുകൾ ഉൾപ്പെടുത്തിക്കൊണ്ട്, മത്സരശേഷം നടി കെപിഎസി ലളിത കരയുന്നതിന്റെ വീഡിയോയും ചേർത്തുകൊണ്ട് ഒരു പരിഹാസ വീഡിയോ ബംഗളൂരു പങ്കുവെച്ചു. ഇവിടെയൊന്നും നിർത്താൻ അവർ ഒരുക്കമായില്ല, പിന്നെ കാലത്ത് “ഗുഡ്മോണിങ് ബംഗളൂരു” എന്ന ക്യാപ്ഷൻ നൽകിക്കൊണ്ട്, ബ്ലാസ്റ്റേഴ്സിനെ ബംഗളൂരു പരാജയപ്പെടുത്തിയ വാർത്ത കണ്ട് പൊട്ടിച്ചിരിക്കുന്ന വീഡിയോയും ഷെയർ ചെയ്തിരിക്കുന്നു. ഇതെല്ലാം കേരള ബ്ലാസ്റ്റേഴ്സിന്റെയും മഞ്ഞപ്പട ആരാധകരുടെയും വാശി വർദ്ധിപ്പിക്കാനും കാരണമായിട്ടുണ്ട്.

kerala blasters
Comments (0)
Add Comment