ആരാധകരെ നിങ്ങൾ ക്ഷമ പാലിക്കൂ.. മെസ്സിയുടെ അരങ്ങേറ്റത്തിനെ കുറിച്ച് ടാറ്റാ മാർട്ടിനോ പറയുന്നു..

ലോകഫുട്ബോളിലെ സൂപ്പർ താരമായ ലിയോ മെസ്സിയുടെ സൈനിങ്ങും പ്രസന്റേഷനും ഗംഭീരമായി അരങ്ങേറിയതിന് ശേഷം താരത്തിന്റെ ഇന്റർ മിയാമി ജേഴ്സിയിലെ അരങ്ങേറ്റ മത്സരം കാണുവാൻ കാത്തിരിക്കുകയാണ് ഇന്റർ മിയാമിയുടെയും ലിയോ മെസ്സിയുടെയും ആരാധകർ.

ജൂലൈ 21-ന് നടക്കുന്ന ഇന്റർ മിയാമിയുടെ അടുത്ത മത്സരത്തിൽ ലിയോ മെസ്സി അരങ്ങേറ്റം കുറിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. എന്നാൽ ലിയോ മെസ്സിക്ക് ശരീരികമായി സജ്ജമാകേണ്ടതുണ്ടെന്നും അതിനാൽ താരത്തിനെ കളിപ്പിക്കേണ്ട ശെരിയായ സമയത്ത് കളിപ്പിക്കുമെന്ന് ഇന്റർ മിയാമി പരിശീലകനായ ടാറ്റാ മാർട്ടിനോ പറഞ്ഞത് മെസ്സിയുടെ അരങ്ങേറ്റം വൈകുമോയെന്ന ആശങ്ക ആരാധകരിലുണ്ടാക്കി. അടുത്ത മത്സരത്തിന് മുൻപായി ലിയോ മെസ്സി പൂർണ ഫിറ്റ്നസ് തെളിയിച്ചാൽ അരങ്ങേറ്റം ഉടനെ ഉണ്ടാകും.

“ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായ ലിയോ മെസ്സി നമ്മുടെ ടീമിനായി കളിക്കുമ്പോൾ ആരാധകർക്കും താരങ്ങൾക്കും എല്ലാം വളരെയധികം പ്രതീക്ഷയും ആകാംക്ഷയുണ്ടാകും. എന്നാൽ നിങ്ങൾ ക്ഷമയോടെയിരിക്കണം, കാരണം ലിയോ മെസ്സിക്ക് മത്സരങ്ങൾക്ക് വേണ്ടി ശാരീരികമായും മറ്റും തയ്യാറാകേണ്ടതുണ്ട്. അതിനാൽ അദ്ദേഹത്തിന് ആവശ്യമായ സമയം നൽകി അദ്ദേഹത്തിനെ ശരിയായ സമയത്ത് ഞങ്ങൾ കളിപ്പിക്കും.’ – ടാറ്റാ മാർട്ടിനോ പറഞ്ഞു.

മുൻപ് 2013-2014 സീസണിൽ എഫ്സി ബാഴ്സലോണയുടെയും 2014-2016 സീസണ്കളിൽ അർജന്റീന ദേശീയ ടീമിന്റെയും പരിശീലകനായി സേവനം അനുഷ്ഠിച്ച ടാറ്റാ മാർട്ടിനോക്ക് ലിയോ മെസ്സിയെ മുൻപ് പരിശീലിപ്പിച്ച അനുഭവപരിചയ സമ്പത്തുണ്ട് എന്നത് ഇന്റർ മിയാമിയിൽ ഇരുവർക്കും മികച്ച കോമ്പിനേഷൻ കൊണ്ടുവരാനാവുമെന്ന് പ്രതീക്ഷിക്കുന്ന വസ്തുതയാണ്.

Comments (0)
Add Comment