തുടർച്ചയായ രണ്ടാം തവണയും കോപ്പ അമേരിക്ക കിരീടത്തിൽ മുത്തമിട്ട് അര്‍ജന്റീന .എക്സ്ട്രാ ടൈം വരെ നീണ്ടു പോയ ആവേശകരമായ ഫൈനലിൽ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപെടുത്തിയാണ് അര്‍ജന്റീന കിരീടം സ്വന്തമാക്കിയത്. 112 ആം മിനുട്ടിൽ ലൗടാരോ മാർട്ടിനെസ് ആണ് അർജന്റീനയുടെ വിജയ ഗോൾ നേടിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ലയണൽ മെസ്സി പരിക്കേറ്റ് പുറത്ത് പോയിരുന്നു.
ഒന്നര മണിക്കൂറിലേറെ വൈകിയാണ് ഫൈനൽ പോരാട്ടത്തിനു തുടക്കമായത്. അർജന്റീനയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്.ഗോൺസാലോ മോണ്ടിയൽ നൽകിയ പാസിൽ നിന്നുള്ള അൽവാരസിന്റെ ഷോട്ടെടുക്കാനുള്ള ശ്രമം വിജയിച്ചില്ല. ഏഴാം മിനുട്ടിൽ കൊളംബിയൻ ക്യാപ്റ്റൻ ഹാമിഷ് റോഡ്രിഗസ് നൽകിയ ക്രോസിൽ നിന്നുള്ള ജോണ്‍ കോര്‍ഡോബയുടെ ഷോട്ട് നേരിയ വ്യത്യാസത്തില്‍ ഗോള്‍ പോസ്റ്റിന് പുറത്തുപോയി.
32-ാം മിനിറ്റില്‍ അര്‍ജന്റീന ബോക്സിന് പുറത്തുനിന്ന് കൊളംബിയന്‍ മിഡ്ഫീല്‍ഡര്‍ ജെഫേഴ്സണ്‍ ലെര്‍മ ഉതിര്‍ത്ത ഷോട്ട് എമി സേവ് ചെയ്തു. അതിനിടെ മെസ്സി പരിക്കേറ്റ് മൈതാനത്ത് വീണു. പെട്ടെന്ന് തന്നെ താരം മത്സരത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു. ആദ്യ പകുതിയിൽ കൊളംബിയൻ താരങ്ങളുടെ തുടർച്ചയായ ആക്രമണങ്ങള്‍ക്ക് മയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയം സാക്ഷ്യം വഹിച്ചു.ആദ്യ പകുതിയിൽ പന്ത് കൈവശം വെച്ച് കളിച്ചതും കൂടുതല്‍ മുന്നേറ്റങ്ങള്‍ നടത്തിയതും കൊളംബിയയാണ്. കിട്ടിയ അവസരങ്ങളില്‍ അര്‍ജന്റീനയും മുന്നേറി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ കൊളംബിയൻ താരം സാൻ്റിയാഗോ ഏരിയാസ് എടുത്ത കിക്ക് പുറത്തേക്ക് പോയി. തൊട്ടടുത്ത മിനുട്ടിൽ എയ്ഞ്ചൽ ഡി മരിയ ഗോളിനടുത്തെത്തി. എന്നാൽ താരത്തിന്റെ ഷോട്ട് ഗോൾ കീപ്പർ തടഞ്ഞു. 54 ആം മിനുട്ടിൽ ഡേവിൻസൺ സാഞ്ചസ് ഒരു മികച്ച അവസരം നഷ്ടപ്പെടുത്തി, താരത്തിന്റെ ഹെഡ്ഡർ ക്രോസ്ബാറിന് മുകളിലൂടെ പോയി. 58 ആം മിനുട്ടിലും എയ്ഞ്ചൽ ഡി മരിയയുടെ ഷോട്ട് കൊളംബിയൻ കീപ്പർ കാമിലോ വർഗാസ് തടഞ്ഞു.
ARGENTINA TAKES THE LEAD IN THE 112TH MINUTE 🇦🇷😱
— FOX Soccer (@FOXSoccer) July 15, 2024
Lautaro Martínez does it again 🔥 pic.twitter.com/i2p4e5Li8U
66 ആം മിനുട്ടിൽ ലയണൽ സ്കലോനി ഒരു മാറ്റം വരുത്താൻ നിർബന്ധിതനായി. ലയണൽ മെസ്സിക്ക് പരിക്കുമൂലം തുടരാനായില്ല. പകരം നിക്കോളാസ് ഗോൺസാലസ് എത്തി. 76 ആം മിനുട്ടിൽ നിക്കോളാസ് ഗോൺസാലസ് പന്ത് വലയിലെത്തിച്ചുവെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു. നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിക്കാതെ വന്നതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. 95 ആം മിനുട്ടിൽ നിക്കോളാസ് ഗോൺസാലസിന്റെ ഷോട്ട് കാമിലോ വർഗാസ് തടുത്തിട്ടു. 112 ആം മിനുട്ടിൽ ലാറ്റൂരോ മാർട്ടിനെസിലൂടെ അര്‍ജന്റീന മുന്നിലെത്തി.