കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ വിദേശ താരമായ അലക്സാണ്ടർ കോഫ് ടീമിനൊപ്പം ചേർന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം ടീമിനൊപ്പം പരിശീലനത്തിന്റെ ഇറങ്ങിയ ഫ്രഞ്ച് താരം, ഉടനെ തന്നെ കേരള ബ്ലാസ്റ്റേഴ്സ് അരങ്ങേറ്റം കുറിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിൽ 29-ാം നമ്പർ ജേഴ്സി ആയിരിക്കും അലക്സാണ്ടർ കോഫ് ധരിക്കുക.
6 വർഷത്തിന് ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ 29-ാം നമ്പർ മഞ്ഞ ജേഴ്സിയിൽ ഒരു താരം വീണ്ടും കളിക്കളത്തിൽ ഇറങ്ങുന്നത്. ഇതിന് മുൻപ് രണ്ട് താരങ്ങൾ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ 29-ാം നമ്പർ ജേഴ്സി അണിഞ്ഞിട്ടുള്ളത്. ഇന്ത്യൻ ലെഫ്റ്റ് ബാക്ക് സൗമിക് ദേയ് ആണ് ആദ്യമായി 29-ാം നമ്പർ ജഴ്സി ധരിച്ചത്. 2013-2015 കാലയളവിൽ സൗമ്യ ധരിച്ച 29-ാം നമ്പർ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സി, പിന്നീട് 2017/18 സീസണിൽ നെതർലാൻഡ്സ് സ്ട്രൈക്കർ മാർക്ക് സിഫ്നിയോസ് ആണ് ധരിച്ചത്. ഇതിന് ശേഷം, ഇപ്പോൾ അലക്സാണ്ടർ കോഫ് വീണ്ടും ആ 29-ാം നമ്പർ മഞ്ഞക്കുപ്പായം ധരിക്കാൻ ഒരുങ്ങുകയാണ്.
അലക്സാണ്ടർ കോഫിന്റെ കരിയർ പരിശോധിച്ചാൽ, അദ്ദേഹം കഴിഞ്ഞ ഒരുപാട് വർഷങ്ങളായി 29-ാം നമ്പർ ജഴ്സി ആണ് ധരിക്കുന്നത്. ഉഡിനെസി, സ്റ്റാഡ് ബ്രെസ്റ്റോയ്സ്, ആർസി ലെൻസ്, ഗാസ്ലെക് അയാക്സിയോ, എഇഎൽ എഫ്സി എന്നീ ടീമുകളുടെ എല്ലാം 29-ാം നമ്പർ ജേഴ്സി ധരിച്ചിട്ടുള്ള അലക്സാണ്ടർ കോഫ്, ഇപ്പോൾ മഞ്ഞ കുപ്പായത്തിലും അതേ നമ്പറിൽ കളിക്കാൻ ഒരുങ്ങുന്നു. 32-കാരനായ അലക്സാണ്ടർ കോഫ് ഒരു വർഷത്തെ കോൺട്രാക്ടിൽ ആണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയിരിക്കുന്നത്.
സെന്റർ ബാക്ക്, ഡിഫൻസീവ് മിഡ്ഫീൽഡർ എന്നീ റോളുകളിൽ കളിക്കാൻ കഴിവുള്ള താരം, തീർച്ചയായും ടീമിന് ഒരു മുതൽക്കൂട്ട് തന്നെയാണ്. അദ്ദേഹത്തിന്റെ അനുഭവ സമ്പത്തും കേരള ബ്ലാസ്റ്റേഴ്സിന് സഹായകരമാകും. മിലോസ് ഡ്രിൻസിക് ആണ് കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയിലെ മറ്റൊരു വിദേശ താരം. ഇവർക്കൊപ്പം പ്രഗൽഭരായ ഇന്ത്യൻ താരങ്ങളും കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ കോട്ടക്ക് കരുത്ത് പകരുന്നു.